ഗാന്ധിജി പാലത്തിൽനിന്ന് വീണ് മരിച്ചതാണോ? -പാംപ്ലാനിക്കെതിരെ ഇ.പി ജയരാജൻ
text_fieldsകണ്ണൂർ: അനാവശ്യമായി കലഹിച്ച് മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന തലശ്ശേരി ആർച് ബിഷപ് പാംപ്ലാനിയുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ഗാന്ധിജി രക്തസാക്ഷിയായത് പൊലീസുകാരെ കണ്ട് ഓടി ഏതെങ്കിലും പാലത്തിൽനിന്ന് വീണ് മരിച്ചിട്ടാണോ എന്ന് ജയരാജൻ ചോദിച്ചു.
അനാവശ്യ കാര്യങ്ങൾക്ക് ഏറ്റുമുട്ടിയിട്ടാണോ ഗാന്ധിജി മരിച്ചത്? രക്തസാക്ഷികളെ ആദരവോടെ സ്മരിക്കുന്നതാണ് നമ്മുടെ സംസ്കാരം. ഗാന്ധിയനായ കമ്യൂണിസ്റ്റ് മൊയ്യാരത്ത് ശങ്കരനും സഖാവ് അഴീക്കോടൻ രാഘവനും അടക്കം എത്രപേർ ഇവിടെ രക്തസാക്ഷികളായി. കുഞ്ഞാലിയെ വെടിവെച്ചല്ലേ കൊന്നത്. എങ്ങനെയാണ് രക്തസാക്ഷികളെ അപമാനിക്കാൻ തോന്നുന്നത്? -ഇ.പി ജയരാജൻ ചോദിച്ചു.
സുഡാനിൽ വെടിയേറ്റു മരിച്ച ആൽബർട്ടിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് സംസ്‌കരിച്ചത്. മണിപ്പൂരിൽ കലാപത്തിൽ നിരവധിപേരാണ് കൊല്ലപ്പെട്ടത്. പാംപ്ലാനിയുടെ നടപടി ക്രിസ്തീയ മതവിഭാഗത്തിനും എതിരായിട്ടുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെ.സി.വൈ.എം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ്, യേശുവിന്റെ ശിഷ്യൻമാരുടെ രക്തസാക്ഷിത്വത്തെ കുറിച്ച് പറയുന്നതിനിടെ ബിഷപ് വിവാദ പ്രസ്താവന നടത്തിയത്. ചിലർ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽനിന്നും വീണു മരിച്ചു. ഇവരെയെല്ലാം രക്തസാക്ഷികളാക്കുകയാണ് രാഷ്ട്രീയ പാർട്ടികളെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.