ബി.ജെ.പിയിലേക്ക് പോകേണ്ട ആവശ്യം എനിക്കില്ല, സുധാകരന് മരുന്ന് കഴിക്കാത്തതിന്‍റെ തകരാറ് -ഇ.പി. ജയരാജൻ
text_fieldsകണ്ണൂർ: ബി.ജെ.പിയിലേക്ക് പോകാൻ ശോഭ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖരൻ എന്നിവരുമായി ജയരാജൻ ചർച്ച നടത്തിയെന്ന കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ രംഗത്ത്. ബി.ജെ.പിയിലേക്കും ആർ.എസ്.എസിലേക്കും പോകേണ്ട ആവശ്യം തനിക്കില്ലെന്ന് അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
സുധാകരൻ സാധാരണ കഴിക്കുന്ന മരുന്ന് ഇന്നലെ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. ഇന്ന് രാവിലെ അതിന്‍റെ തകരാറ് പ്രകടിപ്പിച്ചുകൊണ്ടാണ് ഞാൻ ബി.ജെ.പിയിലേക്ക് പോകുന്നു എന്ന് പറഞ്ഞത്. ബി.ജെ.പിയിലേക്കും ആർ.എസ്.എസിലേക്കും പോകേണ്ട ആവശ്യം എനിക്കില്ല. ഞാൻ അവർക്കെതിരെ പൊരുതി വന്നവനാണ്. എന്നെ കൊല്ലാൻ നിരവധി തവണ ആർ.എസ്.എസുകാർ ബോംബെറിഞ്ഞതാണ് -അദ്ദേഹം പറഞ്ഞു.
സുധാകരന് ഓർമ്മക്കുറവുണ്ടോ? എന്തോ തകരാറുണ്ട് ഇപ്പോൾ. ഈ തകരാറുമായി എങ്ങനെ കോൺഗ്രസിനെ നയിക്കാൻ കഴിയും? ഇങ്ങനെയുള്ള ആളുകൾക്ക് എങ്ങനെ ജനങ്ങൾ വോട്ട് ചെയ്യും? ആദ്യം നല്ല മനുഷ്യനാവാൻ നോക്ക്. ഒരു നല്ല രാഷ്ട്രീയ നേതാവാൻ കഴിയുമോ എന്ന് പരിശ്രമിക്ക്. ഓർമ്മ ശക്തി തിരിച്ചുപിടിക്കൂ. ദുബൈയിൽ പോയി ചർച്ച നടത്തിയെന്നാണ് പറഞ്ഞത്. ഞാൻ ദുബൈയിൽ പോയിട്ട് വർഷങ്ങളായി. മന്ത്രിയായിരുന്നപ്പോഴാണ് ദുബൈയിൽ പോയത്. സുധാകരൻ എന്നെ വെടിവെക്കാൻ അയച്ച രണ്ടുപേരും ആർ.എസ്.എസുകാരായിരുന്നു. ഇതൊന്നും നല്ല രാഷ്ട്രീയമല്ലെന്ന് മനസ്സിലാക്കണം -ഇ.പി. ജയരാജൻ വിമർശിച്ചു.
കെ. സുധാകരൻ ബി.ജെ.പിയിലേക്ക് പോകാൻ ഇവിടുന്ന് വണ്ടി കയറി ചെന്നൈയിലെത്തിയതാണ്. ഇത് ചില കോൺഗ്രസ് നേതാക്കൾ മണത്തറിഞ്ഞ് അവിടെയുള്ള നേതാക്കളെ ഇടപെടുവിച്ച് തിരിച്ചയക്കുകയായിരുന്നു. ചെന്നൈയിലെ ബി.ജെ.പി നേതാവായ രാജയാണ് തന്നെ ക്ഷണിച്ചതെന്ന് സുധാകരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ കണ്ണൂർ ജില്ലയിലെ ബി.ജെ.പി നേതാക്കൾ തന്നോട് അമിത് ഷായെ കാണാൻ നടപടി സ്വീകരിക്കാമെന്ന് അറിയിച്ചെന്ന് സുധാകരൻ തന്നെ പറഞ്ഞിട്ടുണ്ട്. ഗുണ്ടായിസവും തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തലും കള്ളവോട്ട് ചെയ്യലുമെല്ലാം സുധാകരന്‍റെ സ്ഥിരം പരിപാടിയായിരുന്നു. ആ ശീലമൊന്നും ഇപ്പോൾ പഴയതുപോലെ ക്ലച്ചുപിടിക്കുന്നില്ല -ഇ.പി. ജയരാജൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.