ഒടുവിൽ ഇ.പി എത്തി; തൃശൂരിൽ പ്രതിരോധജാഥയിൽ പങ്കെടുക്കും
text_fieldsതൃശ്ശൂർ: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും വിവാദങ്ങൾക്കുമൊടുവിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ തൃശ്ശൂരിലെത്തി. വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും.
തൃശൂരിൽ വെച്ച് ജാഥയിൽ പങ്കെടുക്കാൻ പ്രത്യേക താല്പര്യമുണ്ടെന്നും പാർട്ടി നിർദേശത്തെത്തുടർന്നല്ല ജാഥയിൽ പങ്കെടുക്കുന്നതെന്നും ഇ.പി. മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം തന്നെ തൃശൂരിൽ പങ്കെടുക്കുമെന്ന് കാര്യം അദ്ദേഹം വ്യക്തമാക്കിയിരുന്നു. തൃശ്ശൂർ ജില്ലയിലെ ആദ്യ ദിവസത്തെ ജാഥയുടെ സമാപന സമ്മേളനം നടക്കുന്ന തേക്കിൻകാട് മൈതാനിയിലെ പരിപാടിയിൽ ആയിരിക്കും ഇ.പി. ജയരാജൻ പങ്കെടുക്കുക.
'കമ്യൂണിസ്റ്റ് പാർട്ടി മാർക്‌സിസ്റ്റിന്റെ സഖാക്കൾ വളരെ താല്പര്യത്തോടെയാണ് ഈ ജാഥയെയും അതിന്റെ പ്രവർത്തനങ്ങളെയും കാണുന്നത്. കാസർകോട് ജില്ലയിൽ മറ്റുചില പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എല്ലാ സമയങ്ങളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് സി.പി.ഐ.എം. അതിലെല്ലാം സഖാക്കൾ സജീവമായി പങ്കാളിത്തം വഹിക്കും. സ്വാഭാവികമായ നടപടിക്രമം മാത്രമാണിത്. തൃശൂരിലെ സമാപനം എവിടെയാണോ അവിടെ ഞാൻ പങ്കെടുക്കും. അതിന് മുൻപ് എവിടെയും പങ്കെടുക്കില്ല'- ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. തുടർച്ചയായി മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ല എന്ന കാര്യം കൂടി താൻ അറിയിക്കുകയാണെന്നും ഇ.പി വ്യക്തമാക്കി.
സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഇ.പി ജയരാജന്‍ , സി.പി.എം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയില്‍ ഇതുവരെ ഒരിടത്തും പങ്കെടുത്തിരുന്നില്ല. ജാഥ തുടങ്ങിയ ദിവസം മുതൽ തന്നെ ഇ.പി. ജയരാജന്റെ അസാന്നിധ്യം വലിയതോതിൽ ചർച്ചയായിരുന്നു. കണ്ണൂരിൽ ഉണ്ടായിട്ടും ജില്ലയിലെ ജാഥയില്‍ പങ്കെടുക്കാത്തതും ചർച്ചയായിരുന്നു. ജാഥയില്‍ പങ്കെടുക്കാതെ വിവാദ ദല്ലാള്‍ നന്ദകുമാറിന്‍റെ അമ്മയെ ആദരിച്ച ചടങ്ങിയില്‍ ഇ.പി എത്തിയത് വലിയ വിവാദമായിരുന്നു. എന്നാൽ താൻ ജാഥയിൽ അംഗമല്ലെന്നായിരുന്നു അദ്ദേഹം അന്ന് വ്യക്തമാക്കിയത്.
ഇതിന് പിന്നാലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് ജാഥയില്‍ പങ്കെുക്കാനുള്ള തീരുമാനം ഇ.പി എടുത്തത്. ഇ.പി പങ്കെടുക്കാത്തതിനെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴൊക്കെ എവിടെയെങ്കിലും പങ്കെടുക്കുമെന്നായിരുന്നു ജാഥാ ക്യാപ്റ്റനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായ എം.വി ഗോവിന്ദന്‍റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.