നുണക്കഥ ഒന്നാം എഡിഷൻ
text_fieldsകണ്ണൂർ: ഇ.പി. ജയരാജന്റെ ആത്മകഥ സംബന്ധിച്ച് ആരാണ് കള്ളം പറയുന്നത്? സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ ഇ.പി പറയുന്നതാണോ, സംസ്ഥാനത്തെ മുൻനിര പ്രസാധകരായ ഡി.സി ബുക്സ് എടുത്ത നിലപാടാണോ ശരി. ഇന്നലെ രാവിലെ തുടങ്ങിയ ഈ സംശയം തീരാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരുമെന്നുറപ്പ്. ഡി.സിയുമായി ഒരു കരാറും ഉണ്ടാക്കിയില്ലെന്നാണ് ഇ.പി പറയുന്നത്. സംസ്ഥാനത്ത് കേട്ടുകേൾവി പോലുമില്ലാത്ത കഥയാണ് പുസ്തകത്തെ ചൊല്ലി തുടങ്ങിയിരിക്കുന്നത്.
പുസ്തക പ്രസാധനവുമായി ബന്ധപ്പെട്ട് ഇ.പിയുമായി കരാറുണ്ടാക്കിയില്ലെന്നാണ് സൂചന. പക്ഷേ, പുറത്തുവന്ന പേജുകളുമായി ഒരു ബന്ധവുമില്ലെന്ന വാദം തെറ്റാണ്. ഇത്രയും മുതിർന്ന നേതാവിന്റെ ആത്മകഥയുടെ ഭാഗങ്ങൾ മിക്കതും കിട്ടിയിരിക്കെ കരാർ എന്നത് വെറും സാങ്കേതികവും പിന്നീട് ചെയ്യാവുന്ന കാര്യവുമായാണ് പ്രസാധക രംഗത്തുള്ളവർ പറയുന്നത്.
ആത്മകഥ എഴുതുന്നുവെന്ന് പ്രഖ്യാപിച്ചയുടൻതന്നെ ഇ.പിയെ മലയാളത്തിലെ ഒട്ടുമിക്ക പ്രസാധകരും ബന്ധപ്പെട്ടിരുന്നു. ചർച്ചക്കിടെ കുറച്ച് ഭാഗങ്ങൾ ഡി.സി ആവശ്യപ്പെട്ടു. ഏതാനും ഭാഗങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തു. അവതാരിക, ആമുഖം പോലുള്ളവ തയാറായിട്ടില്ല. എഴുത്തുകാരനുള്ള പ്രതിഫലം, പ്രകാശനം, കോപ്പികളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളിലും ധാരണയായിട്ടില്ല.
പ്രസാധനം സംബന്ധിച്ച് അന്തിമ തീരുമാനം ആവുന്നതിനു മുമ്പ് പുസ്തകത്തിന്റെ പേജുകൾ പുറത്തുവിടുകയാണ് ഉണ്ടായതെന്നും ഉപതെരഞ്ഞെടുപ്പ് ദിനത്തിൽതന്നെ ചെയ്തത് നെറികേടായെന്നും ഇ.പിയുമായി അടുത്ത ബന്ധമുള്ളവർ പറയുന്നു. പാലക്കാട്ടെ ഇടത് സ്ഥാനാർഥി പി. സരിനെക്കുറിച്ച് പരാമർശിക്കുന്നത് ഉൾപ്പെടെയുള്ള ചില ഭാഗങ്ങൾ കൂട്ടിച്ചേർത്തതായും ഇവർ ചൂണ്ടിക്കാട്ടുന്നു. പുറത്തിറക്കാൻ പോകുന്ന പുസ്തകത്തിന്റെ പി.ഡി.എഫ് കോപ്പി പുറത്തുവന്നാൽ പിന്നെ ആരെങ്കിലും പുസ്തകം വാങ്ങുമോ എന്നാണ് പ്രസാധകരംഗത്തുള്ളവർ ചോദിക്കുന്നത്.
പുസ്തകം തയാറാക്കിയതും പരിശോധന നടത്തിയതുമൊന്നും ഇ.പി നേരിട്ടല്ല. അതിനാൽ, പ്രസാധകരുമായി കൂടിക്കാഴ്ചയും ഇ.പി നടത്താനുള്ള സാധ്യത കുറവാണ്. ഈ ധൈര്യമാണ് ഇ.പിക്കുള്ളതും മാധ്യമങ്ങൾക്കു മുന്നിൽ പ്രകടിപ്പിച്ചതും. പുസ്തകത്തിന് പേരിട്ടതും താനല്ലെന്ന് ഇ.പി പറയുന്നു.
മുമ്പ് യന്ത്രമുപയോഗിച്ചുള്ള ചെങ്കല്ല് സമരം നടക്കുന്ന വേളയിൽ, പരിപ്പുവടയും കട്ടൻചായയും മതിയോ സഖാക്കൾക്ക് എന്ന് പറഞ്ഞ് വീടുപണിക്ക് മെഷീൻ കല്ല് ഇറക്കിയയാളാണ് ഇ.പി. അതിനാൽ, ഹാസ്യ രൂപത്തിൽ ഇ.പി സ്ഥിരം ഉപയോഗിക്കുന്ന പ്രയോഗംകൂടിയാണ് പുസ്തക പേരായത് എന്നതും യാദൃച്ഛികം. പറയാനുള്ളത് എല്ലാം പുസ്തകത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നതിനാൽ അച്ചടിക്കുംമുമ്പ് അത് മാലോകരെ അറിയിക്കുകയെന്ന തന്ത്രമാണ് ഇവിടെ പയറ്റിയതെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.