ആത്മകഥ വിവാദത്തിൽ പൊലീസ് അന്വേഷണം തുടങ്ങി; ‘കഥ’യറിയാതെ രണ്ടാംദിനം
text_fieldsതിരുവനന്തപുരം: ആളിക്കത്തിയിട്ടും ‘കഥ’യെന്തെന്ന് തിരിച്ചറിയാനാകാതെ പുറത്തുവന്ന് രണ്ടാംദിനത്തിലും ഇ.പി. ജയരാജന്റെ ആത്മകഥ വിവാദം. ഇ.പി. ജയരാജനും രവി ഡി.സിയും നടത്തിയ പ്രതികരണങ്ങൾ വിഷയം കൂടുതൽ സങ്കീർണമാക്കി. പുറത്തുവന്നത് തന്റെ ജീവിതകഥയല്ലെന്ന് വ്യാഴാഴ്ച പലകുറി ആവർത്തിച്ച ഇ.പി, വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന ആക്ഷേപവും ഉയർത്തി. അതേസമയം, ഗൂഢാലോചനക്ക് പിന്നിൽ ആരെന്ന് വ്യക്തമാക്കുന്നുമില്ല.
ഡി.സി ബുക്സ് ഫെസിലിറ്റേറ്റര്‍ മാത്രമാണെന്ന് വിവാദത്തിൽ നേരിട്ട് പ്രതികരിച്ച ഡി.സി ബുക്സ് ഉടമ രവി ഡി.സി പറഞ്ഞു. പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നും പറഞ്ഞ അദ്ദേഹം, പുറത്തുവന്ന പുസ്തകം ഇ.പിയുടേത് തന്നെയെന്ന് പറയാതെ പറഞ്ഞുവെച്ചു. അതേസമയം, തന്റെ അറിവില്ലാതെ ആത്മകഥ പുറത്തിറക്കിയെന്ന ഇ.പിയുടെ പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. കോട്ടയം ജില്ല പൊലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. ഇ.പി. ജയരാജന്റെ പരാതിയിൽ ആരുടെയും പേര് പരാർശിക്കാത്തതിനാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. സി.പി.എമ്മിന്റെ പതിവ് സെക്രട്ടേറിയറ്റ് യോഗം വെള്ളിയാഴ്ച ചേരുമ്പോൾ വിഷയം ചർച്ചക്ക് വന്നേക്കും. ഇ.പി. ജയരാജനെ വിശ്വാസത്തിലെടുത്തുള്ള പ്രതികരണമാണ് പാർട്ടി നേതൃത്വം ഇതുവരെ നടത്തിയത്. എന്നാൽ, വോട്ടെടുപ്പ് ദിനത്തിൽ പാർട്ടിയെ പൊള്ളിച്ച ഇ.പിയുടെ നടപടിയിൽ പിണറായി വിജയനടക്കമുള്ളവർക്ക് അതൃപ്തിയുണ്ട്. അത് മനസ്സിലാക്കിയാണ് ഇ.പി ആവർത്തിച്ച് മാധ്യമങ്ങൾക്കു മുന്നിലെത്തി ആത്മകഥ തള്ളിപ്പറയുന്നത്. ആത്മകഥയിൽ വയ്യാവേലിയെന്ന് വിശേഷിപ്പിച്ച പി. സരിന് വോട്ടുപിടിക്കാൻ വ്യാഴാഴ്ച പാലക്കാട്ട് എത്തിയതും നേതൃത്വത്തിന്റെ രോഷം തണുപ്പിക്കാനാണ്. പുസ്തകം എങ്ങനെ പുറത്തുപോയി എന്ന് പാർട്ടിയും അന്വേഷിക്കുന്നുണ്ട്.
എഴുതാൻ സഹായിച്ച കണ്ണൂരിലെ ദേശാഭിമാനി ലേഖകനെ അവിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ ഇ.പി, തന്റെ സഹായിയിൽനിന്ന് ചോർന്നോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് വിശദീകരിച്ചു. പുറത്തുവന്നത് താൻ എഴുതിയതല്ലെന്ന് ഉറപ്പിച്ച് പറയുന്ന ഇ.പി അതേ ശ്വാസത്തിൽ താൻ എഴുതിയത് ചോർന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. പാർട്ടിയുടെ അന്വേഷണത്തിൽ ഇ.പിയും ദേശാഭിമാനി ലേഖകനും സംശയനിഴലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.