വിശദീകരിച്ച് ഇ.പി; തൽക്കാലം നടപടിയില്ല
text_fieldsതിരുവനന്തപുരം: ആത്മകഥ വിവാദത്തിൽ ഇ.പി. ജയരാജനെതിരെ സി.പി.എം തൽക്കാലം നടപടിയെടുക്കില്ല. പുറത്തുവന്ന പുസ്തകം തള്ളിപ്പറയാൻ ഇ.പി തയാറായതും പാലക്കാട് ഉപതെരഞ്ഞെടുപ്പും പരിഗണിച്ചാണിത്. ഇക്കാര്യത്തിൽ പാർട്ടിതലത്തിൽ വിശദപരിശോധന പിന്നീടുണ്ടാകും. വെള്ളിയാഴ്ച ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത ഇ.പി. ജയരാജൻ ആത്മകഥ വിവാദം സംബന്ധിച്ച് വിശദീകരിച്ചു. പുറത്തുവന്ന ‘പരിപ്പുവടയും കട്ടൻ ചായയും’ എന്ന പുസ്തകത്തിലെ വിവാദ പരാമർശങ്ങൾ തന്റേതല്ലെന്ന വാദം നേതൃത്വത്തിന് മുന്നിലും ഇ.പി ആവർത്തിച്ചു. പുസ്തകത്തിന്റെ പൂർണരൂപം പ്രസിദ്ധീകരണത്തിന് മുമ്പ് പുറത്തുവന്നതിന് പിന്നിൽ തന്നെ തകർക്കാനുള്ള ഗൂഢാലോചനയാണെന്ന വാദവും യോഗത്തിൽ ഉന്നയിച്ചു.
തന്റെ ഭാഗം വിശദീകരിച്ച ശേഷം ഇ.പി തിടുക്കത്തിൽ കണ്ണൂരിലേക്ക് മടങ്ങുകയും ചെയ്തു. ആത്മകഥ വിവാദത്തിൽ ജയരാജനോട് വിശദീകരണം ചോദിച്ചില്ലെന്നും പൊലീസ് അന്വേഷണം നടക്കട്ടെയെന്നും യോഗശേഷം മാധ്യമപ്രവർത്തകരെ കണ്ട സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഇ.പി. ജയരാജന്റെ പേര് ഉപയോഗിച്ച് പാർട്ടിക്കെതിരെ വ്യാജപ്രചാരണങ്ങളാണ് നടക്കുന്നത്. പുസ്തകം തന്റേതല്ലെന്ന് ഇ.പി പറഞ്ഞതിനാൽ പാർട്ടിക്ക് ഇക്കാര്യത്തിൽ അന്വേഷിക്കാൻ ഒന്നുമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പിന്തുണയുമായി മുഖ്യമന്ത്രി
മാരാരിക്കുളം: ആത്മകഥ വിവാദത്തിൽ ഇ.പി. ജയരാജനെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുസ്തകം എഴുതിയയാൾ ഇല്ലാതെയാണോ പ്രകാശനം നടത്തുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്തെല്ലാം കഥകളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.