രാത്രി ഡി.സി ബുക്സിന്റെ പരസ്യം, രാവിലെ പിന്മാറ്റം; പിന്നാലെ 181 പേജുകൾ പുറത്ത്
text_fieldsതിരുവനന്തപുരം: തുറന്നുപറച്ചിലുകളുമായി ഇ.പി. ജയരാജന്‍റെ ആത്മകഥ പുറത്തിറക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച രാത്രിയാണ് ഡി.സി ബുക്സിന്‍റെ സമൂഹ മാധ്യമ പേജിൽ അറിയിപ്പ് വന്നത്. രണ്ടാം പിണറായി മന്ത്രിസഭ ദുർബലമെന്നും കോൺഗ്രസ് വിട്ടുവന്ന പി. സരിനെ പാലക്കാട്ട് സ്ഥാനാർഥിയാക്കിയത് വയ്യാവേലിയാകുമെന്നുമുൾപ്പെടെ പാർട്ടിയെ പൊള്ളിക്കുന്ന പരാമർശങ്ങളായിരുന്നു പുസ്തകത്തിലുള്ളത്. ഇവ വിവാദമായതിന് പിന്നാലെ, ആത്മകഥ തള്ളിപ്പറഞ്ഞ് ഇ.പി. ജയരാജൻ രംഗത്തെത്തി. പുറത്തുവന്ന പുസ്തകത്തിലെ വിവരങ്ങൾ താൻ എഴുതിയതല്ലെന്ന് വിശദീകരിച്ച അദ്ദേഹം അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് പരാതി നൽകി. പുസ്തക ഭാഗങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഇ.പി. ജയരാജൻ ഡി.സി ബുക്സിന് വക്കീൽ നോട്ടിസും അയച്ചു.
ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തിൽ രാവിലെ പുസ്തകത്തിൽനിന്ന് പിണറായി സർക്കാറിനെയും ഡോ. പി. സരിനുമെതിരായ ഏതാനും പേജുകളിലെ വിവരങ്ങൾ പുറത്തുവന്നു. അത് വിവാദമായതോടെ നിർമിതിയിലെ സാങ്കേതികപ്രശ്നം കാരണം, പുസ്തകത്തിന്‍റെ പ്രസാധനം കുറച്ചുദിവസത്തേക്ക് നീട്ടിവെക്കുന്നതായി ഡി.സി ബുക്സ് അറിയിച്ചു. പിന്നാലെ, പുസ്തകത്തിൽ നിന്നുള്ള 181 പേജുകളുടെ പി.ഡി.എഫ് പതിപ്പ് പുറത്തായി.
ബി.ജെ.പി നേതാവ് ജാവ്ദേക്കർ ബിനോയ് വിശ്വത്തെയും കണ്ടു, പാർട്ടി എന്നെ മനസ്സിലാക്കാത്തതിൽ പ്രയാസം, സാന്‍റിയാഗോ മാർട്ടിനിൽനിന്ന് പണം വാങ്ങിയത് പാർട്ടി അറിവോടെ, വൈദേകം വഷളാക്കിയവരെ അറിയാം; ഇപ്പോൾ പറയുന്നില്ല എന്നിങ്ങനെ സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും പ്രതിരോധത്തിലാക്കുന്ന പരാമർശങ്ങൾ പുസ്തകത്തിലുണ്ട്. അതൊന്നും താൻ എഴുതിയതല്ലെന്നും താൻ പുസ്തകം പ്രസിദ്ധീകരിക്കാൻ ആരെയും ഏൽപിച്ചിട്ടില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
അങ്ങനെയെങ്കിൽ ഇ.പി. ജയരാജന്‍റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതായി ഡി.സി ബുക്സ് പ്രഖ്യാപനം നടത്തിയത് എന്ത് അടിസ്ഥാനത്തിലെന്നാണ ചോദ്യത്തിന് അവർ ഉത്തരം നൽകിയിട്ടില്ല. പ്രകാശനം നീട്ടിവെച്ചു എന്നല്ലാതെ, പുറത്തുവന്ന പുസ്തകം സംബന്ധിച്ച് ഡി.സി ബുക്സ് ഒന്നും വിശദീകരിച്ചിട്ടില്ല. ഇ.പി. ജയരാജൻ പറയുന്നതനുസരിച്ചാണെങ്കിൽ പ്രസാധകർ അദ്ദേഹത്തിന്‍റെ പേരിൽ വ്യാജ ആത്മകഥ തയാറാക്കിയെന്നാണ് വരിക. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സ്ഥാപനം എഴുത്തുകാരന്‍റെ അനുമതിയില്ലാതെ പ്രഖ്യാപനം നടത്തുമോയെന്ന ചോദ്യം ബാക്കിയാവുന്നു. മുന്നണി കൺവീനർ സ്ഥാനത്ത് നീക്കിയതിൽ ഇ.പി പാർട്ടിയുമായുള്ള നീരസം തുടരുന്നതിന്‍റെ സൂചനയാണ് ആത്മകഥയിലെ തുറന്നെഴുത്ത്. തൽക്കാലം ഇ.പിയെ വിശ്വാസത്തിലെടുക്കുന്നുവെന്നാണ് പ്രകാശ് കാരാട്ട്, എം.വി. ഗോവിന്ദൻ എന്നിവർ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.