സജി ചെറിയാന്‍റെ ഭരണഘടനാ വിമർശനം ഏത് പശ്ചാത്തലത്തിലാണെന്ന് അറിയില്ല -ഇ.പി. ജയരാജൻ
text_fieldsതിരുവനന്തപുരം: ഭരണഘടനക്കെതിരെ രൂക്ഷവിമർശനം നടത്തി വിവാദത്തിലകപ്പെട്ട സജി ചെറിയാന്‍റെ പ്രസ്താവന ഏത് പശ്ചാത്തലത്തിലാണെന്ന് അറിയില്ല എന്ന് ഇ.പി. ജയരാജൻ. എന്താണ് അദ്ദേഹം പറഞ്ഞത് എന്നും ഏത് പശ്ചാത്തലത്തിലാണ് എന്ത് ഉദ്ദേശിച്ചാണ് പറഞ്ഞതെന്നും അറിയില്ല. അത് മനസ്സിലാക്കിയ ശേഷം പറയാമെന്നും ഇ.പി. ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മല്ലപ്പള്ളിയിലെ സി.പി.എം പരിപാടിയിൽ സംസാരിക്കവെയാണ് സജി ചെറിയാൻ വിവാദ പരാമർശം നടത്തിയത്. തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കുന്ന, ജനങ്ങളെ കൊള്ളയടിക്കാൻ അനുയോജ്യമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ഭരണഘടനയുടെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി വെച്ചിട്ടുണ്ടെന്നുമെല്ലാമാണ് മന്ത്രി പറഞ്ഞത്.
സജി ചെറിയാന്‍റെ പ്രസ്താവനക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. രാജ്ഭവൻ അടക്കം ഇടപെടുകയും പ്രതിപക്ഷവും നിയമവിദഗ്ധരുമെല്ലാം പ്രസ്താവനക്കെതിരെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ സജി ചെറിയാനിൽനിന്നും വിശദീകരണം തേടി. ഭരണഘടനയെ വിമർശിച്ചിട്ടില്ല, ഭരണകൂടത്തെയാണ് വിമർശിച്ചതെന്നാണ് മന്ത്രി നൽകിയ വിശദീകരണമെന്നാണ് റിപ്പോർട്ട്.
സജി ചെറിയാൻ രാജി വെക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ പ്രതികരിച്ചു. സ്വയം രാജിവെച്ചില്ലെങ്കിൽ മുഖ്യമന്ത്രി പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണഘടനയെ പ്രതി സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഒരു കാരണവശാലും ഇത്തരം പരാമർശങ്ങൾ നടത്തരുതായിരുന്നെന്ന് ജസ്റ്റിസ് കെമാൽ പാഷ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.