ഇ.പി. ജയരാജൻ വിഷയം: സംഭവിച്ചത് കണ്ണൂർ ജില്ല കമ്മിറ്റി നിലപാടിെൻറ തനിയാവർത്തനം
text_fieldsകണ്ണൂർ: ഇ.പി. ജയരാജൻ വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം കണ്ണൂർ ജില്ല കമ്മിറ്റിയുടെ മുൻ നിലപാടിന്റെ തനിയാവർത്തനം. പത്തു വർഷത്തോളമായി കണ്ണൂരിലെ പാർട്ടിയിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന വിഷയം കഴിഞ്ഞ സംസ്ഥാനസമിതി യോഗത്തിൽ പി. ജയരാജൻ വീണ്ടും ഉന്നയിച്ചുവെന്നല്ലാതെ തീർപ്പെല്ലാം പഴയപടി തന്നെയായി. വിവാദ റിസോർട്ട് നിർമാണം സംബന്ധിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് ഉയർത്തിയ പരിസ്ഥിതിപ്രശ്നം വർഷങ്ങൾക്കിപ്പുറം അനധികൃതസ്വത്ത് സമ്പാദന പരാതിയായതാണ് ഇപ്പോഴുണ്ടായ ഏക മാറ്റം.
സി.പി.എം ശക്തികേന്ദ്രമായ മൊറാഴയിലെ വെള്ളിക്കീലിൽ പാലോക്കുന്നിലാണ് ഇ.പി. ജയരാജനെ പ്രതിരോധത്തിലാക്കിയ വൈദേകം ആയുർവേദ റിസോർട്ട്. പത്തേക്കർ കുന്നിടിച്ച് നിരത്തി റിസോർട്ട് നിർമിക്കുന്നതിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്താണ് അന്ന് കാര്യമായ പരാതിയുന്നയിച്ചത്. പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് പരിഷത്ത് ജില്ല കലക്ടർക്ക് പരാതി നൽകി. പഠനം നടത്താൻ കലക്ടർ നിർദേശം നൽകിയെങ്കിലും പിന്നീട് അതെല്ലാം ജലരേഖയായി. വിഷയം സി.പി.എം ജില്ല നേതൃത്വത്തിനു മുന്നിലുമെത്തി. പരാതി ഉന്നയിച്ച പരിഷത്തിന്റെ വായടപ്പിക്കുന്നതിലാണ് കാര്യങ്ങളെത്തിയത്. പാർട്ടിയിൽ ശക്തനായ ഇ.പി. ജയരാജനു മുന്നിൽ അന്നത്തെ ജില്ല സെക്രട്ടറി പി. ജയരാജനും നിസ്സഹായനാകുന്നതാണ് പിന്നീട് കണ്ടത്.
ഏറെ കാലത്തിനുശേഷം എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായ ശേഷം പാർട്ടിവേദികളിൽനിന്ന് ഇ.പി. ജയരാജൻ മാറിനിൽക്കുന്ന പുതിയ സാഹചര്യം മുതലെടുത്ത് പി. ജയരാജൻ വിഷയം വീണ്ടും ഉന്നയിച്ചു. പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഒരാൾക്കെതിരെ അനധികൃത സ്വത്ത് സമ്പാദനമെന്ന് സംസ്ഥാന കമ്മിറ്റിയംഗം ഉന്നയിക്കുന്ന അത്യപൂർവ സംഭവമായി വിഷയം മാറി. പാർട്ടിയിലെ തെറ്റായ പ്രവണതകൾക്കെതിരെയുള്ള ശുദ്ധീകരണമായി ആരോപണം ഉന്നയിച്ച പി. ജയരാജൻ വിഷയം ആവർത്തിച്ചു. എന്നാൽ, നേരത്തേ ഉയർന്ന പരാതിയാണിതെന്നും എല്ലാം പരിഹരിച്ചതാണെന്നുമുള്ള നിലക്കാണ് പാർട്ടി കേന്ദ്രങ്ങൾ വിവാദത്തെ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.