ഏക സിവിൽ കോഡ്: സി.പി.എം സെമിനാറിൽ ഇ.പി ജയരാജൻ പങ്കെടുക്കില്ല
text_fieldsകോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിൽ എൽ.ഡി.എഫ് കൺവീനറും മുതിർന്ന നേതാവുമായ ഇ.പി ജയരാജൻ പങ്കെടുക്കില്ല. കോഴിക്കോട് ഇന്ന് സെമിനാർ നടക്കുമ്പോൾ ജയരാജൻ തിരുവനന്തപുരത്ത് ആയിരിക്കും. ഡി.വൈ.എഫ്.ഐ നിർമിച്ച് നൽകുന്ന സ്നേഹവീടിന്‍റെ താക്കോൽദാന പരിപാടിയിൽ ഇ.പി ജയരാജൻ പങ്കെടുക്കും.
എൽ.ഡി.എഫിലെ മുഖ്യ ഘടകകക്ഷിയായ മുതിർന്ന നേതാക്കളാരും കോഴിക്കോട്ടെ സെമിനാറിൽ പങ്കെടുക്കുന്നില്ലെന്ന് സി.പി.ഐയും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന കൗൺസിൽ അംഗം ഇ.കെ. വിജയൻ പങ്കെടുക്കുമെന്നാണ് സി.പി.ഐ അറിയിച്ചിട്ടുള്ളത്.
ഏക സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ നടക്കുന്ന ‘ജനകീയ ദേശീയ സെമിനാർ’ വൈകീട്ട് നാലിന് സ്വപ്ന നഗരിയിലെ ട്രേഡ് സെന്‍ററിൽ സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
കോൺഗ്രസിനെ മാറ്റിനിർത്തിയ പ്രഖ്യാപനത്തോടെ തന്നെ സെമിനാറിന്‍റെ രാഷ്ട്രീയ അജണ്ട മറനീക്കിയിരുന്നു. വിഷയത്തിൽ വ്യക്തമായ നിലപാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിനെ മാറ്റിനിർത്തിയതെങ്കിൽ വ്യക്തിനിയമങ്ങളിൽ സി.പി.എമ്മിന്‍റെ വ്യക്തത എന്താണെന്ന മറുചോദ്യം ഉയർത്തിയാണ് കോൺഗ്രസ് നേരിട്ടത്. സി.പി.എം താത്ത്വികാചാര്യൻ ഇ.എം.എസ് നമ്പൂതിരിപ്പാട് അടക്കം എടുത്ത ശരീഅത്ത് വിരുദ്ധ നിലപാടുകളും കോൺഗ്രസ് ഉയർത്തി.
പ്രതിരോധത്തിലായ സി.പി.എം, യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ച് രാഷ്ട്രീയ അജണ്ടകൾക്ക് നിറം പകർന്നു. എന്നാൽ, ലീഗ് ക്ഷണം നിരസിച്ചു. യു.ഡി.എഫിൽ വിള്ളലുണ്ടാക്കാനുള്ള സി.പി.എം തന്ത്രം ഇതോടെ പൊളിഞ്ഞെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ നേട്ടത്തിനുള്ള അവസരമായി സെമിനാർ മാറുമെന്നാണ് സി.പി.എമ്മിന്‍റെ പ്രതീക്ഷ. വിവിധ മത വിഭാഗങ്ങളെ ബാധിക്കുന്നതാണെങ്കിലും ഇതൊരു മുസ്ലിം വിഷയമാക്കി ഉയർത്തി സമുദായ പിന്തുണ ഉറപ്പാക്കുകയെന്ന തന്ത്രമാണ് സി.പി.എം ഉയർത്തുന്നതെന്ന വിമർശനവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.