പാർട്ടി പറഞ്ഞാലും മത്സരിക്കില്ല; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് സലാം പറഞ്ഞ് ഇ.പി ജയരാജൻ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ ഇ.പി ജയരാജൻ. പാർട്ടി ആവശ്യപ്പെട്ടാലും മത്സരിക്കില്ല. തന്‍റെ അസൗകര്യം പാർട്ടിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു തവണ എം.എൽ.എയായി. ഇത്തവണ മന്ത്രിയായി. തനിക്ക് പ്രായമായെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ജയരാജൻ വ്യക്തമാക്കി. ജനസേവനത്തിനും തെരഞ്ഞെടുപ്പുകളിലും ഇറങ്ങി പ്രവർത്തിക്കാനുമുള്ള സാധ്യത കുറഞ്ഞു വരികയാണെന്നും ജയരാജൻ പറഞ്ഞു.
മന്ത്രിസ്ഥാനത്തേക്ക് തിരികെ വരണമെന്നും സത്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും താൻ ആഗ്രഹിച്ചിരുന്നു. ജനങ്ങൾക്ക് മുമ്പിൽ സംശുദ്ധത തെളിയിച്ചെന്നും ഇ.പി ജയരാജൻ പറഞ്ഞു.
പിണറായി വിജയൻ പ്രത്യേക കഴിവും ശക്തിയും ഊർജവുമുള്ള മഹാ മനുഷ്യനാണ്. അദ്ദേഹത്തിന്‍റെ അടുത്തെത്താൻ സാധിച്ചാൽ താൻ പുണ്യവാളനായി തീരും. പിണറായിയെ പോലെ ആകാൻ കഴിയുന്നില്ലല്ലോ എന്നതാണ് തന്‍റെ ദുഃഖമെന്നും ഇ.പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തിയ ഇ.പി ജയരാജൻ ഡി.വൈ.എഫ്.ഐയുടെ പ്രഥമ അഖിലേന്ത്യ പ്രസിഡന്‍റായിരുന്നു. ദീർഘകാലം സി.പി.എം കണ്ണൂർ, തൃശൂർ ജില്ലകളിലെ സെക്രട്ടറി സ്ഥാനം വഹിച്ചു. 1991ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ നിന്നാണ് ജയരാജൻ കേരളാ നിയമസഭയിലേക്ക് കന്നിവിജയം നേടിയത്.
2011ലും 2016ലും മട്ടന്നൂരിൽ നിന്ന് എം.എൽ.എയായ ജയരാജൻ, പിണറായി മന്ത്രിസഭയിൽ വ്യവസായ, കായികം, യുവജനകാര്യ വകുപ്പുകളുടെ ചുമതല വഹിച്ചു. ബന്ധുനിയമന വിവാദത്തെ തുടർന്ന് 2016 ഒക്ടോബർ 14ന് മന്ത്രിപദം രാജിവെച്ചു. വിജിലൻസ് അന്വേഷണത്തിൽ ക്ലീൻ ചിറ്റ് നൽകിയതോടെ ജയരാജൻ മന്ത്രിപദത്തിൽ തിരികെ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.