ഇ.പി ജയരാജൻ ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്നു -വി.ഡി സതീശൻ
text_fieldsഎൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുകയാണെന്നും ഏതെങ്കിലും ആവശ്യത്തിന് വേണ്ടി ഇങ്ങനെയൊരു ഹരജി ആരെങ്കിലും നൽകുമോയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാന സർക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ ആരോപണമുന്നയിച്ച് ആക്രമിക്കപ്പെട്ട നടി നൽകിയ ഹരജിക്ക് പിന്നിൽ ബാഹ്യ ഇടപെടലുകൾ എന്ന ഇ.പിയുടെ സംശയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കാലത്ത് ഹരജി നൽകരുത് എന്നില്ലല്ലോയെന്നും കടകംപള്ളിക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ പ്രതി ആരുടെ ആളാണെന്ന് അന്വേഷിക്കട്ടെയെന്ന് പറഞ്ഞ അദ്ദേഹം ഇ.പിക്ക് എന്തിനാണ് ഇത്ര വേവലാതിയെന്ന് ചോദിച്ചു. തെളിവിന്റെ അടിസ്ഥാനത്തിലാകാം നടി ഹരജി നൽകിയതെന്നും ഇത്തരം കേസുകളിൽ ഇ.പി വൃത്തികെട്ട ഇടപെടലുകൾ നടത്തരുതെന്നേ പറയാനുള്ളൂവെന്നും വി.ഡി സതീശൻ പറഞ്ഞു. ഈ കേസിൽ സി.പി.എം ഇടപെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ആക്രമിക്കപ്പെട്ട നടി നൽകിയ ഹരജി പരിഗണിക്കുന്നതിൽനിന്ന് ഹൈകോടതി ജഡ്ജി കൗസർ എടപ്പഗത്ത് പിൻമാറി. നാളെ മറ്റൊരു ബെഞ്ച് ഹരജി പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിൽനിന്ന് കേസ് മാറ്റണം എന്നാവശ്യപ്പെട്ട് നടിയുടെ അഭിഭാഷക ഹൈകോടതി രജിസ്ട്രാർക്ക് അപേക്ഷ നൽകിയിരുന്നു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റംവന്ന സമയത്ത് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കൗസർ എടപ്പഗത്തായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയിരുന്നത്.
നടിയെ ആക്രമിച്ച് ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ കേസിൽ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് സർക്കാറിനും വിചാരണകോടതിക്കുമെതിരെ നടി കഴിഞ്ഞ ദിവസം ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ പിന്തുണക്കുകയും സ്വതന്ത്ര അന്വേഷണം ഉറപ്പാക്കുകയും ചെയ്ത സർക്കാർ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയ ശേഷം പിൻവാങ്ങിയെന്നാണ് ഹരജിയിലെ പ്രധാന ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.