പാർട്ടിയിലും പുറത്തും ഒറ്റപ്പെട്ട് ഇ.പി ജയരാജൻ
text_fieldsതിരുവനന്തപുരം: ബി.ജെ.പി കൂറുമാറ്റ വിവാദത്തിൽ ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ പാർട്ടിയിലും പുറത്തും ഒറ്റപ്പെട്ട നിലയിൽ. പാപികളുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കേണ്ടതാണെന്നും ഇക്കാര്യത്തിൽ ഇ.പി. ജയരാജൻ ജാഗ്രത കാണിക്കാറില്ലെന്നത് മുൻ അനുഭവമാണെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ പരസ്യശാസനക്ക് സമാനം. പിണറായിയുടെ കടുത്ത പ്രതികരണം, ഇ.പി. ജയരാജന്റെ നീക്കങ്ങളിൽ പുറത്തുവന്നതിനുമപ്പുറം കാര്യങ്ങൾ പാർട്ടിക്ക് അറിയാമെന്നതിന്റെ സൂചനയാണ്. ഇടതുമുന്നണി കൺവീനർ സ്ഥാനത്തിരുന്ന് ബി.ജെ.പി പ്രവേശനത്തിന് ശ്രമിച്ചെന്നത് നിഷേധിക്കുന്നുണ്ടെങ്കിലും ഇ.പി പൊതുസമൂഹത്തിനു മുന്നിലും സംശയമുനയിലാണ്.
കണ്ണൂരിലെ മൂന്ന് ജയരാജന്മാരിൽ ഒന്നാമനാണ് ഇ.പി. ഒന്നാം പിണറായി സർക്കാറിൽ രണ്ടാമനായി നിന്ന മന്ത്രിയുമായിരുന്നു. സി.പി.എം-ആർ.എസ്.എസ് സംഘർഷത്തിന്റെ പാരമ്യകാലത്ത് കണ്ണൂരിൽ പാർട്ടിയെ നയിച്ച കരുത്തൻ ബി.ജെ.പി പ്രഭാരി പ്രകാശ് ജാവ്ദേക്കറുമായി രഹസ്യചർച്ച നടത്തിയതും പോളിങ് ദിനത്തിൽ അത് സ്ഥിരീകരിച്ചതും ഇടതുപക്ഷത്തെയാകെ ഞെട്ടിച്ചു. തെരഞ്ഞെടുപ്പ് ഫലത്തെ മാത്രമല്ല, വരും ദിവസങ്ങളിൽ ഇടതുരാഷ്ട്രീയം പിടിച്ചുലയ്ക്കാൻ പോന്ന രാഷ്ട്രീയ ബോംബാണ് പൊട്ടിത്തെറിച്ചത്. ബി.ജെ.പിക്കെതിരെ കോൺഗ്രസുകാരെ എങ്ങനെ വിശ്വസിക്കുമെന്ന് ചോദിച്ച സി.പി.എം സ്വന്തം മുന്നണി കൺവീനർ ബി.ജെ.പിയിൽ ചേരാനൊരുങ്ങിയതിന് മറുപടി പറയേണ്ട നിലയാണ്.
കൈവിട്ട കളിക്ക് ഇ.പിയെ പ്രകോപിപ്പിച്ചത് എം.വി. ഗോവിന്ദനുമായുള്ള മൂപ്പിളമ തർക്കമാണെന്ന് പകൽപോലെ വ്യക്തം. തനിക്കുശേഷം കണ്ണൂർ ജില്ല സെക്രട്ടറിയായ എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമൊക്കെയായതിൽ ഇ.പിക്കുള്ള നിരാശയിലായിരുന്നു തുടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.