രാജിയിലെത്തിയ ബന്ധു കലാപം
text_fieldsകോഴിക്കോട്: പിണറായി വിജയൻ മന്ത്രിസഭയിലെ രണ്ടാമൻ ഇ.പി ജയരാജന്‍റെ രാജിയിൽ കലാശിച്ച ബന്ധുനിയമനത്തിനെതിരെ ആദ്യം കലാപക്കൊടി ഉയർന്നത് പാർട്ടിയിൽ നിന്ന് തന്നെ. ജയരാജെൻറ ഭാര്യാ സഹോദരിയായ പി.കെ. ശ്രീമതി എം.പിയുടെ മകൻ പി.കെ. സുധീറിനെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർപ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ചതിനെതിരെ പാർട്ടി സമിതി തന്നെയാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. ഇക്കാര്യം പാർട്ടി സെക്രട്ടറിയേറ്റ് ചർച്ച ചെയ്യാനിരിക്കെയാണ് വാർത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. തുടർന്ന് ബന്ധു നിയമനങ്ങൾ പാർട്ടി അറിവോടെയാണെന്ന മുൻ മന്ത്രിയും ഇ.പി ജയരാജന്‍റെ ബന്ധു കൂടിയായ പി.കെ ശ്രീമതി എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വിഷയം കൂടുതൽ വിവാദമാക്കിയത്.
മരുമകളെ താൻ മന്ത്രിയായിരിക്കെ പേഴ്സനൽ സ്റ്റാഫിൽ എടുത്തത് പാർട്ടിയുടെ അനുമതിയോടെയാണെന്നായിരുന്നു ഫേസ്ബുക് പോസ്റ്റ്. ഇത് വിവാദമായതോടെ ഒന്നര മണിക്കൂറിനു ശേഷം അവർ അതു പിൻവലിച്ചു. എന്നാൽ, ശ്രീമതിയുടെ വാദം മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി തന്നെ തള്ളി. പിന്നീട് നിയമനത്തെ ന്യായീകരിച്ച് ഇ.പി ജയരാജനും ഫേസ്ബുക്കിൽ കുറിപ്പെഴുതിയതോടെ വിവാദം കത്തിപ്പടർന്നു.
അതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ ഗെസ്റ്റ് ഹൗസിൽ ഇ.പി. ജയരാജനെ വിളിച്ചു വരുത്തി കടുത്ത ഭാഷയിൽ താക്കീത് ചെയ്യുകയുമുണ്ടായി. പ്രതിപക്ഷത്തിന് മുന്നിൽ സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന ബുദ്ധിപരമല്ലാത്ത നടപടിയായിപ്പോയെന്നാണ് പിണറായിയുടെ വീക്ഷണം. നിയമനം റദ്ദാക്കിയപ്പോഴും ന്യായീകരിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ ജയരാജൻ പോസ്റ്റ് ചെയ്തതാണ് പിണറായിയെ കൂടുതൽ ചൊടിപ്പിച്ചത്.
ശ്രീമതിയുടെ മകന്‍റെ കാര്യത്തിൽ നിയമപരമായ സാധ്യതപോലും നോക്കാതെയാണ് നിയമന ഉത്തരവ് നൽകിയതെന്നായിരുന്നു പാർട്ടി സമിതിയുടെ നിലപാട്. ജയരാജെൻറ തന്നെ സുഹൃദ് വലയത്തിലുള്ള ഒരു സ്ഥാപനത്തിെൻറ ചീഫ് എക്സിക്യൂട്ടിവ് പദവിയാണ് സുധീറിന്‍റെ നിയമനത്തിന് യോഗ്യതയായി ചൂണ്ടിക്കാട്ടിയത്. അതാവട്ടെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിെൻറ മാനദണ്ഡം നിശ്ചയിക്കുന്ന ‘റിയാബി’െൻറ ഉപാധിക്ക് വിരുദ്ധമായിരുന്നു.
മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തിെൻറ പട്ടികയും മറ്റും ഉണ്ടാക്കിയപ്പോൾ പലയിടത്തും നേതാക്കളുടെ ബന്ധുക്കളെ പരിഗണിച്ചുവെന്ന പരാതി വ്യാപകമായി പാർട്ടി കീഴ്ഘടകങ്ങളിൽനിന്നും വന്നിരുന്നു. ഇതോടൊപ്പം പബ്സിക് പ്രോസിക്യൂട്ടറുമാരുടെ നിയമനവും വിവാദമായി. പാർട്ടി അനുഭാവികളായ അഭിഭാഷകരെ മാനദണ്ഡങ്ങൾ മറികടന്ന് നിയമിച്ചുവെന്നും ആക്ഷേപം ഉയർന്നു. സംഭവം പാർട്ടിയിലടക്കം വലിയ വിവാദത്തിന് തിരി കൊളുത്തിയതോടെ കേന്ദ്ര നേതൃത്വവും ഇടപെട്ടു. ബന്ധു നിയമന വിവാദത്തില്‍ ഉചിതമായ തിരുത്തല്‍ നടപടിയുണ്ടാകുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെടുകയുണ്ടായി. അതോടൊപ്പം ഘടകകക്ഷികളായ എൻ.സി.പിയും സി.പി.ഐയും പരസ്യമായി തന്നെ ബന്ധുനിയമനത്തെ ചോദ്യം ചെയ്തു. ഇത് സർക്കാറിനുണ്ടാക്കിയ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ജയരാജന്‍റെ രാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.