ഞാനും ജാവ്ദേക്കറെ കണ്ടിരുന്നു, വലിയ ബന്ധമില്ലാത്തതുകൊണ്ട് അയാൾ ഒരു ഭാഗത്തിരുന്നു, ഞാൻ മറ്റൊരു ഭാഗത്തും -എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: ഇ.പി. ജയരാജൻ ബി.ജെ.പിയിലേക്ക് പോകാൻ തുനിഞ്ഞിട്ടില്ലെന്നും ചായകുടിച്ചതിന് പാർട്ടിയോട് പറയേണ്ട കാര്യമുണ്ടോ എന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇ.പി ബി.ജെ.പി നേതാവിനെ ഒരു വർഷം മുമ്പ് കണ്ടതുമായി ബന്ധപ്പെട്ട് വലിയ പ്രചാരവേല നടന്നു. വാർത്തകൾ സൃഷ്ടിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലുമെല്ലാം ആസൂത്രിത നീക്കങ്ങളാണുണ്ടായത്. ഇക്കഴിഞ്ഞ 24 ന് വിമാനത്താവളത്തിൽ വെച്ച് താനും ജാവ്ദേക്കറെ കണ്ടിരുന്നു. നമ്മൾ തമ്മിൽ വലിയ ബന്ധമില്ലാത്തതുകൊണ്ട് അയാൾ ഒരു ഭാഗത്തിരുന്നു, ഞാൻ മറ്റൊരു ഭാഗത്തും.
ഇ.പി ഡൽഹിയിൽ പോയി ജാവ്ദേക്കറെ കണ്ടുവെന്നൊക്കെയുള്ളത് ശുദ്ധ അസംബന്ധമാണ്. വീട്ടിൽ വെച്ച് കണ്ടുവെന്നത് ശരിയാണ്. ഇതല്ലാതെ മറ്റിടങ്ങളിൽ കണ്ടുവെന്ന് പറയുന്നവർക്കെതിരെ നടപടിയെടുക്കും. കൂടിക്കാഴ്ചക്കിടെ കേരളത്തിൽനിന്ന് കാൾ വന്നെന്നതും ഇതോടെ അദ്ദേഹം പിന്മാറിയെന്നതുമെല്ലാം തിരക്കഥയാണ്.
ഇക്കാര്യങ്ങളിൽ അതിശക്തമായ കമ്യൂണിസ്റ്റ് വിരോധത്തോടെയുള്ള ഇടപെടലുകളുണ്ടായി. തലേ ദിവസവും വോട്ടെടുപ്പ് ദിവസവും ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ഉണ്ടായ സംഭവം സത്യസന്ധമായി ഇ.പി പറയുകയാണ് ചെയ്തത്. അവിടെ ഇ.പി കളവ് പറയണമെന്നാണോ?. ഇ.പിക്കെതിരെ ഒരു നടപടിയുമുണ്ടാകില്ല. മുന്നണി കൺവീനറായി തുടരും. സംഘടനാപരമായ കാര്യങ്ങൾ പൂർത്തിയാക്കിയേ നടപടിയെടുക്കേണ്ടതുള്ളൂ. അങ്ങനെയൊരു പ്രശ്നം ഇപ്പോൾ മുന്നിലില്ല. നന്ദകുമാർ ഫ്രോഡാണെന്ന് കഴിഞ്ഞ ദിവസംതന്നെ ജയരാജൻ പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ കൂട്ടിച്ചർത്തു.
‘ഇ.പി എപ്പോഴും പ്രശ്നങ്ങളിൽ പെടുന്നില്ല, ചിലപ്പോൾ മാത്രം’
ഇ.പി എപ്പോഴും പ്രശ്നങ്ങളിൽ പെടുന്നില്ല, ചിലപ്പോൾ മാത്രമമേയുള്ളൂവെന്ന് എം.വി. ഗോവിന്ദൻ. ഇ.പി എപ്പോഴും പ്രശ്നങ്ങളിൽ ചാടുന്നതെന്തുകൊണ്ടെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മറുപടി. നന്നായി പ്രവർത്തിക്കുന്നവർക്ക് ചില തെറ്റുകളുണ്ടാകും. അതു തിരുത്തി മുന്നോട്ടു പോകും.
ശോഭ സുരേന്ദ്രൻ സി.പി.എമ്മിലേക്ക് വരുമോ എന്ന ചോദ്യത്തിന് ‘സി.പി.എമ്മിന് ഉൾക്കൊള്ളാൻ സാധിക്കുന്നതിന് അപ്പുറമാണ് അവരെല്ലാം’ എന്നായിരുന്നു മറുപടി. സീനിയർ നേതാവായിട്ടും സംസ്ഥാന സെക്രട്ടറിയാക്കാത്തതിലുള്ള നീരസം ഇ.പിക്കുണ്ടോ എന്ന ചോദ്യത്തിന് പാർട്ടി സെക്രട്ടറിയാക്കുന്നത് ജൂനിയറോ സീനിയറോ നോക്കിയിട്ടല്ലെന്നായിരുന്നു മറുപടി.
മൂന്നുതവണ കൂടിക്കാഴ്ച നടത്തിയെന്ന് ശോഭ
ആലപ്പുഴ: എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനുമായി മൂന്നുതവണ കൂടിക്കാഴ്ച നടത്തിയെന്നാവർത്തിച്ച് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. ജയരാജന്റെ മറുപടിയിൽ പ്രതികരിച്ച് ഹരിപ്പാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
പൊതുസമൂഹത്തിനു മുന്നിൽ ജയരാജന്റെ ശരീരഭാഷയിൽനിന്നുതന്നെ ഈ കൂടിക്കാഴ്ച നടന്നിട്ടുണ്ടെന്ന് ബോധ്യമായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ‘പാപി’യെന്ന് വിളിക്കുകയും വിശ്വസിക്കാൻ കൊള്ളില്ലെന്ന് പറയുകയും ഗോവിന്ദൻ മാസ്റ്റർ ഫ്രോഡെന്ന് പറയുകയും ചെയ്ത നന്ദകുമാറിനെ ഒരിക്കൽപോലും തള്ളിപ്പറയാൻ ജയരാജൻ തയാറായിട്ടില്ല.
സി.പി.എം സംസ്ഥാന ഘടകത്തോടുള്ളതിനെക്കാൾ അഭേദ്യമായ ബന്ധം എന്തടിസ്ഥാനത്തിലാണ് ഇയാളുമായുള്ളതെന്ന് ജയരാജൻ വിശദീകരിക്കണം. പിണറായിയും ഗോവിന്ദൻ മാസ്റ്ററും തള്ളിപ്പറഞ്ഞ നന്ദകുമാറിനെതിരെ എന്തുകൊണ്ടാണ് കേസ് വേണ്ടെന്ന് പറയുന്നത്.
തനിക്കെതിരായ ഗൂഢാലോചനയുടെ ചങ്ങല എവിടെനിന്ന് തുടങ്ങിയെന്ന് കണ്ടുപിടിക്കാനുള്ള ബന്ധം തനിക്കുണ്ട്. ഇക്കാര്യത്തിൽ ഇ.പി. ജയരാജനും ഗോകുലം ഗോപാലനും പങ്കുണ്ട്. ജയകൃഷ്ണൻ മാസ്റ്ററെയും ടി.പി. ചന്ദ്രശേഖരനെയും കൊന്ന പാർട്ടിയിൽനിന്ന് പോരാൻ ഇ.പി ആഗ്രഹിച്ചിരിക്കാം.
അദ്ദേഹത്തിന്റെ പിന്മാറ്റത്തിനു പിന്നിൽ സി.പി.എമ്മിന്റെയും പിണറായിയുടെയും ഭാഗത്തുനിന്ന് ബോധപൂർവമായ കരുനീക്കം നടന്നിട്ടുണ്ട്. അതിൽ ഇ.പി. അസ്വസ്ഥനും ദുഃഖിതനുമായിരുന്നു. തീരുമാനം മാറ്റിമറിക്കാൻ അദൃശ്യഘടകമായി പ്രവർത്തിക്കാനുള്ള തന്റേടവും പ്രാപ്തിയും മുഖ്യമന്ത്രിക്കുണ്ടെന്നും ശോഭ കൂട്ടിച്ചേർത്തു.കൂട്ടിച്ചേർത്തു.
വിശദീകരണം പാർട്ടിക്ക് ബോധ്യമായെന്ന് ഇ.പി. ജയരാജൻ
തിരുവനന്തപുരം: ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ച വിഷയത്തിൽ താൻ നൽകിയ വിശദീകരണം പാര്ട്ടിക്ക് ബോധ്യമായെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. വിവാദങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഫോണിൽ പോലും അവരോട് സംസാരിച്ചിട്ടില്ല. പ്രകാശ് ജാവ്ദേക്കറുമായി നടത്തിയത് രാഷ്ട്രീയ ചർച്ചയല്ല. അത് പാർട്ടിയോട് പറയേണ്ട കാര്യം എന്താണ്. താൻ ബി.ജെ.പിയിൽ ചേരാൻ ചര്ച്ച നടത്തിയെന്ന ആരോപണത്തിൽ നിയമ നടപടിയുമായി മുന്നോട്ടുപോകും.
വിവാദങ്ങൾ മാധ്യമങ്ങൾ ഉണ്ടാക്കിയതാണ്. ഇതൊന്നും ആരോപണങ്ങളല്ല, ഫ്രോഡാണ്. വ്യാജ വാര്ത്തകളാണ് പ്രചരിച്ചത്. ഇതിൽ രാഷ്ട്രീയമുണ്ട്. ഇതിന്റെ അടിസ്ഥാനം സാമ്പത്തികമാണ്. മാധ്യമങ്ങൾ കൊത്തിവലിച്ചാൽ തീരുന്നയാളല്ല താൻ. പാര്ട്ടിക്ക് മാത്രമല്ല, മാധ്യമങ്ങളെക്കുറിച്ച് ജനങ്ങൾക്കും നല്ല ബോധ്യമുണ്ടെന്ന് ഇ.പി കൂട്ടിച്ചേർത്തു.
വിശദീകരണം വൈകാരികമായി
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിവാദ കൂടിക്കാഴ്ചയെക്കുറിച്ച് ഇ.പി. ജയരാജൻ വിശദീകരിച്ചത് വൈകാരികമായി. പാർട്ടിയുമായുള്ള തന്റെ ബന്ധവും ജില്ല സെക്രട്ടറിയായിരിക്കെ കണ്ണൂരിൽ ആർ.എസ്.എസ് ആക്രമണങ്ങളിൽനിന്ന് പാർട്ടിയെ സംരക്ഷിച്ചതുമെല്ലാം നിരത്തിയായിരുന്നു സംസാരിച്ചുതുടങ്ങിയത്. ഇടതുമുന്നണിയെ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. വോട്ടെടുപ്പ് ദിനത്തിൽതന്നെ കാര്യങ്ങൾ വിശദീകരിച്ചത് സംശയങ്ങൾ ദൂരീകരിക്കാനായിരുന്നു. അന്നും തലേന്നും മാധ്യമങ്ങൾ ചോദ്യങ്ങൾ തുടർന്നുകൊണ്ടിരുന്നു. ഇക്കാര്യത്തിൽ സത്യസന്ധമായി കാര്യങ്ങൾ വിശദീകരിക്കുകയാണ് ചെയ്തത്.
അത് പാർട്ടിയെ പ്രതിസന്ധിയിലാക്കാനായിരുന്നില്ല. ഏറെനാളായി തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ട്. തിരുവനന്തപുരത്തെ വീട്ടിൽ നടന്ന കൂടിക്കാഴ്ചയല്ലാതെ മറ്റുള്ളതെല്ലാം കെട്ടിച്ചമച്ചതാണ്. ആരോപണങ്ങൾക്കെതിരെ നിയമനടപടിക്ക് പാർട്ടി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിണറായിക്ക് ധൈര്യമില്ല -ചെന്നിത്തല
തിരുവനന്തപുരം: ബി.ജെ.പി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ ഇ.പി. ജയരാജനെതിരെ നടപടിയെടുക്കാൻ പിണറായി വിജയന് ധൈര്യമില്ലെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അറിയാതെ ഇ.പി ചെറുവിരൽ അനക്കില്ല. ഇ.പിയുടെ ബി.ജെ.പി ബന്ധം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
സി.പി.എമ്മിന്റെ ശരിയും തെറ്റും തീരുമാനിക്കേണ്ടത് അവർ -സി.പി.ഐ
തിരുവനന്തപുരം: സി.പി.എമ്മിന്റെ തെറ്റും ശരിയും തീരുമാനിക്കേണ്ടത് അവരാണെന്നും സി.പി.ഐ നിലപാട് ഇടതുമുന്നണി യോഗത്തിൽ ഉന്നയിക്കുമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദല്ലാൾമാരെ അകറ്റിനിർത്തണമെന്നത് നിർബന്ധമാണ്. ഇത്തരം വിഷയങ്ങളിൽ ജാഗ്രത പാലിക്കണമെന്നത് ഇടതുപാർട്ടികളുടെ പൊതുനിലപാടാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
നടപടിക്ക് ആർജവമില്ല -വി.ഡി. സതീശൻ
തിരുവനന്തപുരം: ഇ.പി. ജയരാജന്റ നാവിൻതുമ്പിലുള്ളത് സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും ഒന്നാകെ തകർക്കാനുള്ള ബോംബുകളാണെന്നും അതുകൊണ്ട് ഇ.പിയെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
ജയരാജനെതിരെ നടപടി എടുക്കാനുള്ള ധൈര്യമോ ആർജവമോ സി.പി.എമ്മിനില്ല. ജയരാജന് ബി.ജെ.പിയിലേക്ക് പോകാൻ സമ്മതം നൽകുക കൂടിയാണ് സി.പി.എം ഇന്നലെ ചെയ്തത്. മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവ്ദേക്കറുമായി സംസാരിച്ചതെന്ന് കൂടി സി.പി.എം വ്യക്തമാക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.