സ്വതന്ത്രർ വയ്യാവേലികളല്ല, സരിൻ മികച്ച സ്ഥാനാർഥി; പുകഴ്ത്തി ഇ.പി. ജയരാജൻ, ആത്മകഥ എഴുതിത്തീർന്നിട്ടില്ല
text_fieldsപാലക്കാട്: തന്റെ പുസ്തകം പ്രസിദ്ധീകരിക്കാൻ ആരെയും ഏൽപിച്ചിട്ടില്ലെന്ന് ആവർത്തിച്ച് മുതിർന്ന സി.പി.എം നേതാവ് ഇ.പി. ജയരാജൻ. ഡി.സി. ബുക്സിന് ആത്മകഥ പ്രസിദ്ധീകരിക്കാൻ അനുമതി നൽകിയിട്ടില്ല. മാത്രമല്ല, ആത്മകഥ ഇതുവരെ പൂർത്തിയായിട്ടില്ല. തെരഞ്ഞെടുപ്പ് ദിവസം പുസ്‍തകത്തിന്റെ പകർപ്പ് പുറത്തുവന്നത് ആസൂത്രിതമാണ്. പ്രകാശ് ജാവ്ദേകറുമായുള്ള കൂടിക്കാഴ്ച പുറത്തുവിട്ടതുപോലെ ആസൂത്രിതമാണ് ഇതെന്നും ഇ.പി പറഞ്ഞു. ഡി.സി.ബുക്സിനെതിരെ നിയമ നടപടി സ്വീകരിക്കും. പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യവും താൻ എഴുതിയതല്ലെന്നും ജയരാജൻ പറഞ്ഞു.
പി. സരിന്റെ പ്രചാരണത്തിനായി പാലക്കാട്ട് എത്തിയതായിരുന്നു ഇ.പി. ജയരാജൻ. സംസാരത്തിനിടെ സരിനെ വാനോളം പുകഴ്ത്തിയ ഇ.പി. ജയരാജൻ പാലക്കാടിന് ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയെയാണ് ലഭിച്ചിരിക്കുന്നതെന്നും സൂചിപ്പിച്ചു. ജനസേവനത്തിന് വേണ്ടി ഉന്നതമായ ജോലി പോലും രാജിവെച്ച ചെറുപ്പക്കാരനാണ് സരിൻ. ആദ്യം വലതുപക്ഷത്തായിരുന്നുവെങ്കിലും ഇടതുപക്ഷക്കാരന്റെ മനസായിരുന്നു സരിന്. ആ നല്ല ചെറുപ്പക്കാരനെയാണ് എൽ.ഡി.എഫ് സ്ഥാനാർഥിയാക്കിയത്. സരിൻ ജയിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. മികച്ച സ്വതന്ത്രസ്ഥാനാർഥിയാണ് അദ്ദേഹം. സരിനുമായി അടുത്ത ബന്ധം പുലർത്തിയാൽ എല്ലാ തെറ്റിദ്ധാരണകളും മാറുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
ഇ.പി. ജയരാജന്റെ ആത്മകഥയെന്ന പേരിൽ പ്രചരിച്ച പുസ്തകത്തിന്റെ പകർപ്പിൽ സരിനെതിരായ പരാമർശമുണ്ടായിരുന്നു. സ്വതന്ത്രർ വയ്യാവേലികളാകുമെന്നും സരിൻ മോശം സ്ഥാനാർഥിയാണെന്നുമായിരുന്നു പുസ്തകത്തിലെ പരാമർശം.അതിനു പിന്നാലെയാണ് പാലക്കാട്ട് സരിന്റെ പ്രചാരണത്തിനായി സി.പി.എം ഇ.പിയോട് ആവശ്യപ്പെട്ടത്. അതനുസരിച്ചാണ് ഇ.പി. ജയരാജൻ ഇന്ന് പാലക്കാട്ട് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.