ഇൻഡിഗോയെ വിലക്കിയത് ഞാൻ, കാലാവധി ഒരിക്കലും അവസാനിക്കില്ല -ഇ.പി. ജയരാജൻ
text_fieldsതിരുവനന്തപുരം: ഇൻഡിഗോ വിമാനക്കമ്പനിയെ ഞാനാണ് വിലക്കിയതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. തന്‍റെ വിലക്കിന്റെ കാലാവധി അവസാനിക്കില്ലെന്നും ആജീവനാന്തമുണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി ജന്മസ്ഥാന മണ്ഡപം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ജൂൺ 12ന് ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ഇ.പി. ജയരാജന് യാത്രവിലക്ക് ഏർപ്പെടുത്തിയിരുന്നു. മൂന്നാഴ്ച ആഭ്യന്തര-അന്താരാഷ്ട്ര യാത്രയിൽ നിന്നാണ് ജയരാജനെ വിലക്കിയത്.
യാത്രാ വിലക്കിനോട് പ്രതികരിച്ച ജയരാജൻ, നടന്നു പോകേണ്ടി വന്നാലും താനിനി ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന് വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ജയരാജൻ തിരുവനന്തപുരത്തു നിന്ന് ട്രെയിനിൽ കണ്ണൂരിലേക്ക് യാത്ര ചെയ്യുകയും ചെയ്തു. യാത്രാ വിലക്ക് ഇന്ന് അവസാനിരിക്കാൻ പോകുന്ന സാഹചര്യത്തിലാണ് ജയരാജന്‍റെ പുതിയ പ്രതികരണം.
ചട്ടമ്പിസ്വാമി ജന്മസ്ഥാന മണ്ഡപം സന്ദർശിച്ച ജയരാജൻ, പുണ്യ പുരുഷന്മാരുടെ കേന്ദ്രങ്ങളിൽ സി.പി.എം നേതാക്കൾ സന്ദർശനം നടത്തുന്നിൽ എന്താണ് തെറ്റെന്ന് ചോദിച്ചു. നവോഥാന നിർമിതിക്കും സാമൂഹിക പരിഷ്കരണത്തിനും അമൂല്യ സംഭാവന നൽകിയ ഇതിഹാസ പുരുഷനാണ് ചട്ടമ്പിസ്വാമി.
ഫ്യൂഡൽ മേധാവിത്വത്തിനും സവർണാധിപത്യത്തിനും എതിരെ പൊരുതിയ വിപ്ലവകാരി. ഇന്നത്തെ കേരളം സൃഷ്ടിക്കുന്നതിൽ ചട്ടമ്പിസ്വാമിയുടെ സംഭാവന വലുതാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.