‘യെച്ചൂരിക്ക് വേണ്ടി തന്‍റെ സമരവും പ്രതിജ്ഞയും ലംഘിച്ചു’; ഇൻഡിഗോ യാത്രയെ കുറിച്ച് ഇ.പി ജയരാജൻ
text_fieldsന്യൂഡൽഹി: അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വേണ്ടി ഇൻഡിഗോ വിമാനക്കമ്പനിയുമായുള്ള പ്രശ്നം തൽക്കാലത്തേക്ക് മാറ്റിവെച്ചതായി കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജൻ. ബഹിഷ്കരണത്തെക്കാൾ വലുത് തനിക്ക് യെച്ചൂരിയാണ്. അദ്ദേഹം അന്തരിച്ചുവെന്ന് കേട്ടപ്പോൾ എങ്ങനെ ഡൽഹിയിൽ എത്താമെന്നായിരുന്നു തന്‍റെ ചിന്തയെന്നും ജയരാജൻ വ്യക്തമാക്കി.
'അന്നത്തെ ഭൗതിക സാഹചര്യത്തിൽ ഞാനെടുത്ത തീരുമാനം ശരിയായിരുന്നു. ഇപ്പോൾ എന്‍റെ ഭൗതിക സാഹചര്യം യെച്ചൂരിയുടെ അടുക്കൽ എത്തുക, ഭൗതികശരീരം കാണുക എന്നതാണ്. അതിനാണ് എന്‍റെ സമരവും പ്രതിജ്ഞയും ലംഘിക്കുന്നത്' -ഇ.പി ജയരാജൻ പറഞ്ഞു.
യെച്ചൂരിയുടെ വിയോഗവാർത്ത അറിഞ്ഞതിന് പിന്നാലെയാണ് രണ്ടു വർഷം നീണ്ട ബഹിഷ്കരണം അവസാനിപ്പിച്ച് ഇ.പി ജയരാജൻ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാൻ തീരുമാനിച്ചത്. യെച്ചൂരിയെ അവസാനമായി കാണാനും അന്ത്യോപചാരം അർപ്പിക്കാനുമാണ് ജയരാജൻ ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ ഡൽഹിക്ക് പോയത്.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ വെളിപ്പെടുത്തലിനെ തുടർന്ന് 2022 ജൂൺ 13നാണ് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷമായിരുന്നു മുദ്രാവാക്യം വിളിച്ചുള്ള പ്രതിഷേധം.
വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതിരോധിച്ച ഇ.പി ജയരാജൻ അവരെ സീറ്റുകൾക്കിടയിലേക്ക് തള്ളിയിടുകയായിരുന്നു. വിമാനത്തിൽ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. സംഭവത്തിൽ ഇൻഡിഗോ നടത്തിയ അന്വേഷണത്തെ തുടർന്ന് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ രണ്ടാഴ്ചത്തേക്കും പ്രതിഷേധക്കാരെ നിലത്തേക്ക് തള്ളിയിട്ട ഇ.പിക്ക് മൂന്നാഴ്ചത്തെയും യാത്രാവിലക്ക് ഏർപ്പെടുത്തി.
ഇതിന് പിന്നാലെ ഇൻഡിഗോ വിമാനം ബഹിഷ്കരിക്കുകയാണെന്ന് പ്രഖ്യാപിച്ച ജയരാജൻ യാത്ര ട്രെയിനിലേക്ക് മാറ്റി. ഇൻഡിഗോ അധികൃതർ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇ.പി തീരുമാനം മാറ്റിയില്ല. മാസങ്ങൾ കഴിഞ്ഞ് എയർ ഇന്ത്യ തിരുവനന്തപുരം-കണ്ണൂർ സർവീസ് ആരംഭിച്ചതോടെയാണ് ജയരാജന്‍ വീണ്ടും വിമാനത്തിൽ യാത്ര തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.