ഉമ്മൻചാണ്ടിയെ വ്യക്തിപരമായി വേട്ടയാടിയെന്ന കോൺഗ്രസ് വിമർശനം തള്ളി ഇ.പി ജയരാജൻ; സർക്കാർ എന്ന നിലയിലാണ് നടപടിയെന്ന് പ്രതികരണം
text_fieldsതിരുവനന്തപുരം: ഉമ്മൻചാണ്ടിയെ വ്യക്തിപരമായി വേട്ടയാടിയെന്ന കോൺഗ്രസ് വിമർശനം തള്ളി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഉമ്മൻചാണ്ടിക്കെതിരെ തങ്ങൾ പരാതി നൽകുകയോ കേസ് കൊടുക്കുകയോ ചെയ്തിട്ടില്ല. സർക്കാർ എന്ന നിലയിലാണ് ഉമ്മൻചാണ്ടിക്കെതിരെ നടപടി സ്വീകരിച്ചതെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
എറ്റവും അധികം വേട്ടയാടൽ നേരിടുന്നത് മുഖ്യമന്ത്രിയാണ്. വേട്ടയാടാൻ കിട്ടുന്ന വേദികളെല്ലാം ശത്രുക്കൾ ഉപയോഗിക്കുന്നുണ്ടാകും. അതു കൊണ്ട് മുഖ്യമന്ത്രി കോട്ടം സംഭവിക്കില്ല. ആ വേദിക്കാണ് കളങ്കം ഉണ്ടാവുകയെന്നും ജയരാജൻ പറഞ്ഞു.
ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ മുദ്രാവാക്യം വിളിച്ചത് ജനം വിലയിരുത്തട്ടെ എന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു.
അതേസമയം, മുദ്രാവാക്യ വിളി ഒറ്റപ്പെട്ട സംഭവമാണെന്നും വിവാദമാക്കേണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു.
ഇന്നലെ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന കെ.പി.സി.സി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലാണ് ഉമ്മന്‍ ചാണ്ടിയെപ്പോലെ രാഷ്ട്രീയ എതിരാളികള്‍ വേട്ടയാടിയ മറ്റൊരു നേതാവ് കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന പരാമർശം സംസ്ഥാന അധ്യക്ഷൻ കെ. സുധാകരൻ നടത്തിയത്.
ഉമ്മൻ ചാണ്ടിക്ക് നേരെ കണ്ണൂരിലുള്ള കല്ലേറ് എഴുതി വായിച്ച പ്രസംഗത്തിൽ സുധാകരൻ രണ്ടുവട്ടം പരാമർശിച്ചു. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു പരിക്കേൽപിച്ചപ്പോള്‍ കേരളത്തില്‍ ഒരില പോലും അനങ്ങാന്‍ ഉമ്മൻ ചാണ്ടി അനുവദിച്ചിട്ടില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
അതേസമയം, കോൺഗ്രസിന്‍റെ വളർച്ചക്ക് വേണ്ടി ഉമ്മൻചാണ്ടി തന്‍റെ അധികാരം ഉപയോഗിച്ചെന്നാണ് പിണറായി വിജയൻ അനുസ്മരണ പ്രസംഗത്തിനിടെ പരാമർശം നടത്തി. ഈ പരാമർശത്തിനിടെ പരസ്യ പ്രതികരണവുമായി ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരമാണെന്നും നാടിന് വേണ്ടി പ്രവർത്തിച്ച ആളാണ് ഉമ്മൻ ചാണ്ടിയെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.