ആത്മകഥ ചോര്‍ന്നത് ആസൂത്രിതമെന്ന് ഇ.പി ജയരാജന്; ‘തനിക്കെതിരായ നീക്കം പാര്‍ട്ടിയെ തകര്‍ക്കാൻ’
text_fieldsകണ്ണൂര്‍: ‘കട്ടന്‍ ചായയും പരിപ്പുവടയും’ എന്ന പേരിലുള്ള ആത്മകഥ വിവാദത്തിൽ കൂടതൽ പ്രതികരണവുമായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്. ആത്മകഥ ചോര്‍ന്നത് ആസൂത്രിതമാണെന്നും പൂര്‍ത്തിയാവാത്ത പുസ്തകത്തില്‍ എന്തടിസ്ഥാനത്തിലാണ് ഇല്ലാത്ത കാര്യങ്ങള്‍ എഴുതി ചേര്‍ത്ത് പ്രചരിപ്പിക്കുന്നതെന്നും ജയരാജൻ ചോദിച്ചു. തനിക്കെതിരായ നീക്കം പാര്‍ട്ടിയെ തകര്‍ക്കാനാണെന്നും ജയരാജന് ആരോപിച്ചു.
ആത്മകഥയുടെ പകർപ്പ് ആർക്കും നൽകിയിട്ടില്ല. അടുത്ത ബന്ധമുള്ള മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെ എഴുതിയ ഭാഗങ്ങൾ എഡിറ്റ് ചെയ്യാന്‍ ഏൽപിച്ചിരുന്നു. എഡിറ്റ് ചെയ്യാന്‍ ഏല്പിച്ച മാധ്യമപ്രവര്ത്തകന് കൃത്യമായി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ആത്മകഥ ചോര്‍ന്നതിന് ഉത്തരവാദിത്തം ഡി.സി ബുക്സിനാണെന്നും ജയരാജൻ പറഞ്ഞു.
പുസ്തകത്തിന്റെ പകര്‍പ്പവകാശം ആര്‍ക്കും കൈമാറിയിട്ടില്ല. സാധാരണ പ്രസാധകര് പാലിക്കേണ്ടതായ ഒരുപാട് നടപടിക്രമങ്ങളുണ്ട്. അതൊന്നും പാലിച്ചിട്ടില്ല. എഴുകി കൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനവാര്‍ത്ത ഡി.സി ബുക്സിന്റെ ഫേസ്ബുക്ക് പേജില്‍ ഞാന്‍ അറിയാതെ വന്നത് എങ്ങനെയാണ്? ആത്മകഥയുടെ പി.ഡി.എഫ് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുക എന്നത് പ്രസാധകര് ചെയ്യാന്‍ പാടില്ലാത്തതാണ്. പുസ്തകത്തിന്റെ പി.ഡി.എഫ് പ്രചരിച്ചാല്‍ അത് വില്പനയെ ബാധിക്കില്ലേ? പ്രസാധക സ്ഥാപനങ്ങള്‍ ഇത്തരത്തിലുള്ള നടപടി സ്വീകരിക്കുമോ? തികച്ചും ആസൂത്രിതമാണെന്നും ഇ.പി ജയരാജന് വ്യക്തമാക്കി.
പ്രസാധകരുമായി കരാറില്ല എന്നത് സത്യസന്ധമായ കാര്യമാണ്. തനിക്കെതിരേ പാര്‍ട്ടിക്കകത്തും പുറത്തും വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ആത്മകഥ വിവാദം സൃഷ്ടിച്ചത്. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ വിവാദമുണ്ടായതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ഒരു ബോംബ് എന്ന് പറഞ്ഞാണ് അത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യയിലാണ് ഇത് ആദ്യം വന്നത്. പിന്നെ എല്ലാ ചാനലുകളിലും വാര്‍ത്തയായി. ആ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് പൊലീസിനോട് ആവശ്യപ്പെട്ടതെന്നും ഇ.പി ജയരാജന് വ്യക്തമാക്കി.
അതേസമയം, ഇ.പി. ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് ഡി.സി ബുക്സ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തുൻ. ഡി.സി. ബുക്സ് പബ്ലിക്കേഷൻ വിഭാഗം മേധാവി എ.വി. ശ്രീകുമാറിനെയാണ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്. എന്നാൽ അച്ചടക്ക നടപടി ഡി.സി. ബുക്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഡി.സി. ബുക്സ് ജീവനക്കാരിൽ ചിലർ ഇത് സ്ഥിരീകരിച്ചു.
ഇ.പി ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരണത്തിന്റെ ചുമതല ഈ ജീവനക്കാരനായിരുന്നു. പുസ്തക പ്രസിദ്ധീകരണത്തിനുള്ള കരാർ വാങ്ങുന്നതിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം. ആഭ്യന്തര അന്വേഷണവും നടത്തിയിരുന്നു.
എന്നാൽ, ഇ.പി. ജയരാജന്റെ ആത്മകഥ വിവാദത്തിലെ അന്വേഷണത്തിൽ രവി ഡി.സിയുടെ മൊഴിയായി മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ഡി.സി ബുക്സ് വിശദീകരിച്ചു. നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാറുള്ളൂ. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അഭിപ്രായപ്രകടനം അനുചിതമെന്നും ഡി.സി ബുക്സ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.