സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാതെ ഇ.പി. ജയരാജൻ
text_fieldsകണ്ണൂർ: സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന് ബുധനാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തില്ല. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ സീതാറാം യെച്ചൂരി അനുസ്മരണത്തിലും പങ്കെടുത്തില്ല. കേരളത്തില്‍ ഇല്ലെന്നാണ് ഇ.പി നൽകിയ വിശദീകരണം.
ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയശേഷം മൂന്നാഴ്ചയിലേറെ നീണ്ട ഇടവേളക്കുശേഷം ഇ.പി. ജയരാജൻ ചൊവ്വാഴ്ച വീണ്ടും പാർട്ടി വേദിയിൽ എത്തിയിരുന്നു. ‘മാധ്യമങ്ങളുടെ കള്ളപ്രചാരണത്തിനെതിരെ’ സി.പി.എം ജില്ല കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിച്ച ബഹുജന പ്രതിഷേധ കൂട്ടായ്മ ഇ.പി. ജയരാജനാണ് ഉദ്ഘാടനം ചെയ്തത്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയതില്‍ സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി അദ്ദേഹം ഇപ്പോഴും തുടരുന്നുവെന്നതിന്റെ സൂചനയാണ് സെക്രട്ടേറിയറ്റ് യോഗത്തിൽനിന്ന് വിട്ടുനിന്നത്.
പാർട്ടി നടപടിക്കുശേഷം ജയരാജന് നിശ്ചയിച്ച ആദ്യ പാർട്ടി പരിപാടി സെപ്റ്റംബർ ഒമ്പതിന് പയ്യാമ്പലത്ത് ചടയൻ ഗോവിന്ദൻ ദിനാചരണമായിരുന്നു. ചികിത്സയിലെന്ന വിശദീകരണം നൽകി അദ്ദേഹം അന്ന് പരിപാടിയിൽ പങ്കെടുത്തില്ല. കഴിഞ്ഞദിവസം പയ്യാമ്പലത്ത് നടന്ന അഴീക്കോടൻ രാഘവൻ അനുസ്മരണത്തിലും പങ്കെടുത്തില്ല. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും മുതിർന്ന നേതാവ് എം.എം. ലോറൻസിനും അന്ത്യാഭിവാദ്യമർപ്പിക്കാൻ ഇ.പി എത്തിയിരുന്നു.
ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയെ തുടർന്ന്, ആഗസ്റ്റ് 30ന് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ പുറത്താക്കാൻ തീരുമാനിച്ചത്. ഇതേത്തുടർന്ന് പാർട്ടിയുമായി ഇടഞ്ഞ് അടുത്തദിവസത്തെ സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ അദ്ദേഹം തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.