ശോഭ സുരേന്ദ്രൻ, കെ. സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു
text_fieldsതിരുവനന്തപുരം: ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, വിവാദ ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ എൽ.ഡി.എഫ് കൺവീനറും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി. ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു. ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കാത്ത പക്ഷം, സിവിൽ-ക്രിമിനൽ നിയമനടപടികൾക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ. എം. രാജഗോപാലൻ നായർ മുഖേന ഇ.പി നോട്ടീസ് അയച്ചത്. ഒരു വർഷം മുമ്പ് നടന്ന സംഭവം ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വെളിപ്പെടുത്തിയതിന്റെ രാഷ്ട്രീയ ഉദ്ദേശ്യം വ്യക്തമാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രകാശ് ജാവേദ്കറുമായി ഇ.പി കൂടിക്കാഴ്ച നടത്തിയെന്ന് ദല്ലാൾ നന്ദകുമാറാണ് വെളിപ്പെടുത്തുന്നത്. ഇ.പിയെയും തന്നെയും പ്രകാശ് ജാവദേക്കർ കണ്ടിരുന്നുവെന്നാണ് നന്ദകുമാർ പറഞ്ഞു. സംസ്ഥാനത്ത് ഇടതുമുന്നണി സഹായിച്ചാൽ ബി.ജെ.പിക്ക് ലോക്സഭയിൽ അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന് ജാവദേക്കർ ഇ.പിയോട് പറഞ്ഞെന്നും, തൃശൂരിൽ ബി.ജെ.പി സ്ഥാനാർഥിയുടെ വിജയത്തിന് സഹായിച്ചാൽ എസ്.എൻ.സി ലാവലിൻ കേസ്, നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസ് എന്നിവ അവസാനിപ്പിക്കാമെന്ന് ഉറപ്പ് കൊടുത്തെന്നും നന്ദകുമാർ വെളിപ്പെടുത്തിയിരുന്നു.
തിരുവനന്തപുരത്ത് ആക്കുളത്തുള്ള മകന്റെ ഫ്ലാറ്റിൽ പേരക്കുട്ടിയുടെ പിറന്നാളിൽ പങ്കെടുക്കാൻ പോയപ്പോൾ ജാവേദ്കർ അവിടേക്ക് വന്ന് തന്നെ കണ്ടിരുന്നുവെന്നും രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചിട്ടില്ലെന്നും ഇ.പി പിന്നീട് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ്, ബി.ജെ.പിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച ഇ.പി.ജയരാജനുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞത്. അഴിമതിയുടെ കൊട്ടാരത്തിന്റെ കാവൽക്കാരനാണ് ഇ.പി. ജയരാജനെന്നാണ് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇ.പിയെ തൊട്ടാല് അഴിമതിയുടെ കൊട്ടാരം മുഴുവൻ കത്തുമെന്നും പിണറായി വിജയനടക്കം അകത്തുപോകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.