പരിഭവം പരസ്യമാക്കി ഇ.പി; ചടയൻ അനുസ്മരണചടങ്ങിനും വന്നില്ല
text_fieldsകണ്ണൂർ: എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയതിലെ പരിഭവം പരസ്യമായി പ്രകടിപ്പിച്ച് ഇ.പി. ജയരാജൻ. സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെ അനുസ്മരണ ചടങ്ങിൽനിന്നും അദ്ദേഹം വിട്ടുനിന്നു. രണ്ടുദിവസം മുമ്പ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് ചടയൻ അനുസ്മരണത്തിൽ പങ്കെടുക്കേണ്ടവരായി എ. വിജയരാഘവൻ, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി എന്നിവരെ നിശ്ചയിച്ചത്. പാപ്പിനിശ്ശേരി അരോളിയിലെ വീട്ടിലുണ്ടായിട്ടും പയ്യാമ്പലത്തെ പുഷ്പാർച്ചനയിലോ അനുസ്മരണ ചടങ്ങിനോ ഇ.പി എത്തിയില്ല.
ചടയൻ ഗോവിന്ദനെ ഉദാഹരിച്ച് ചില നേതാക്കളെ ഉന്നമിട്ടായിരുന്നു പരിപാടിയുടെ ഉദ്ഘാടകനായ എ. വിജയരാഘവൻ സംസാരിച്ചത്. ‘പാർട്ടിവിരുദ്ധമായ ഒരു നിലപാടിനു മുമ്പിലും ചടയൻ ചാഞ്ചാടിയിട്ടില്ല. സി.പി.എമ്മിൽ ചിലർക്ക് ഇപ്പോൾ തെറ്റിദ്ധാരണയുണ്ട്. ഇത്രേംകാലം പ്രവർത്തിച്ചിട്ട് പാർട്ടി തിരികെ ഒന്നും നൽകിയിട്ടില്ലെന്നാണ് ആ പരാതി. അതിലൊന്നും കാര്യമില്ല. സാധാരണക്കാർക്ക് കളങ്കിതരായി തോന്നിയാൽ അത്തരം നടപടിയിൽനിന്ന് പിൻമാറണം’ -വിജയരാഘവൻ പറഞ്ഞു.
കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതിയും ചടങ്ങിനെത്തിയില്ല. അതേസമയം, ഇ.പി. ജയരാജൻ ആയൂർവേദ ചികിത്സയിലാണെന്നും അക്കാര്യം അറിയിച്ചിരുന്നതായും സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.