സെക്രട്ടറിയേറ്റിനകം കലാപഭൂമിയാക്കാൻ ശ്രമം, ചെന്നിത്തലയുടെ പ്രസ്താവനയിൽ ദുരൂഹത -ഇ.പി. ജയരാജൻ
text_fieldsതിരുവനന്തപുരം: സെക്രട്ടറിയേറ്റിനകം കലാപഭൂമിയാക്കാൻ യു.ഡി.എഫും ബി.ജെ.പിയും സംഘടിതമായി ആസൂത്രിത ശ്രമം നടത്തിയെന്ന് മന്ത്രി ഇ.പി. ജയരാജൻ. ഇവരുടെ ഇടപെടൽ ദുരൂഹതയുള്ളതാണ്. തീപിടിത്തത്തെ തുടർന്ന് പ്രതിപക്ഷ നേതാവിന്‍റെ എടുത്തുചാടിയുള്ള പ്രസ്താവന സംശയകരമാണെന്നും മന്ത്രി പറഞ്ഞു.
സെക്രട്ടറിയേറ്റിൽ തീപിടുത്തമുണ്ടായപ്പോൾ ജീവനക്കാരും ഫയർസർവിസും പൊലീസും ചേർന്ന് ഉടൻതന്നെ ഫലപ്രദമായി ഇടപെട്ട് തീ അണച്ച് വ്യാപനം തടഞ്ഞതാണ്. എന്നാൽ, ഇതിന് പിന്നാലെ യു.ഡി.എഫിന്‍റെയും ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും നേതാക്കൾ സംഘടിതമായി കടന്നുവന്ന് വ്യാപക അക്രമം നടത്തി. സെക്രട്ടറിയേറ്റിനകം കലാപഭൂമിയാക്കാനുള്ള ശ്രമമാണുണ്ടായത്. അക്രമങ്ങൾക്ക് പിന്നിൽ ഇവരുടെ കൈകളുണ്ടോയെന്ന് ആരും സംശയിച്ചു പോകും. അതുകൊണ്ട് ഇത് സംബന്ധിച്ച് സർക്കാർ സമഗ്രമായ അന്വേഷണം നടത്തണം.
അക്രമങ്ങളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കരുത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സെക്രട്ടറിയേറ്റിനകത്ത് ചാടിക്കയറിയാണ് അക്രമം കാണിച്ചത്. അക്രമത്തിന് പ്രോത്സാഹനം നൽകുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ജനങ്ങൾ ഇത്തരം അക്രമങ്ങളെ അപലപിക്കണം. സംഭവത്തിൽ ശാസ്ത്രീയ അന്വേഷണം നടത്തി കാരണങ്ങൾ കണ്ടെത്താനുള്ള നടപടി സർക്കാർ എടുക്കും.
പ്രതിപക്ഷ നേതാവ് സാഹചര്യം കൂടുതൽ വഷളാക്കാനുള്ള നടപടിയാണ് സ്വീകരിച്ചത്. തീപിടുത്തം ഉണ്ടായ ഉടന്‍ സർക്കാറിനെതിരെ ആരോപണവുമായി രംഗത്തുവന്നത് ദുരൂഹമാണ്. അദ്ദേഹത്തിന്‍റെ എടുത്തുചാടിയുള്ള പ്രസ്താവന സംശയം ഉയര്‍ത്തുന്നുവെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.