‘എത്രകാലമായി നിങ്ങൾ ഒരു പെൺകുട്ടിയെ വേട്ടയാടുന്നു, ജീവിക്കാൻ സമ്മതിക്കില്ലേ?; വീണയെ പിന്തുണച്ച് ഇ.പി. ജയരാജൻ
text_fieldsകണ്ണൂർ: എക്സാലോജിക് -സി.എം.ആർ.എൽ വിവാദ ഇടപാടിലെ രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർ.ഒ.സി) റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പിന്തുണച്ച് ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ. എന്താണ് വീണ ചെയ്ത തെറ്റെന്നും എത്രകാലമായി ഒരു പെൺകുട്ടിയെ വേട്ടയാടാൻ തുടങ്ങിയിട്ടെന്നും അദ്ദേഹം ചോദിച്ചു.
ഒരു പെൺകുട്ടിയെ ജീവിക്കാൻ സമ്മതിക്കില്ലേ. എത്രപേർ ഇവിടെ സംരംഭം നടത്തുന്നുണ്ട്. ഐ.ടി മേഖലയിൽ പ്രഗത്ഭയായ അവർ ഒരു സംരംഭം നടത്തുന്നു. സ്ത്രീത്വത്തെയാണ് ഇതിലൂടെ വേട്ടയാടുന്നതെന്നും എന്താണ് അവർ ചെയ്ത തെറ്റെന്ന് കണ്ടെത്തട്ടെയെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ആർ.ഒ.സി റിപ്പോർട്ട് എന്നാൽ കോടതി വിധിയൊന്നുമല്ല. ആർ.ഒ.സി പറയുന്നതെല്ലാം സത്യമായിരിക്കണം എന്ന് എന്താണുറപ്പ്. ആ റിപ്പോർട്ട് തന്നെ അസംബന്ധമാണ്. കേരളത്തിലെ മുഖ്യമന്ത്രിയെക്കുറിച്ച് പറയുമ്പോൾ എന്തെങ്കിലും ഒരു അടിസ്ഥാനം വേണ്ടേ. കെ.എസ്.ഐ.ഡി.സിയിൽ പലർക്കും ഷെയറുണ്ട്. അതേപോലെ കെ.എസ്.ഐ.ഡി.സിക്ക് പല സംരംഭങ്ങളിലും ഷെയറുണ്ട്. അതിലെന്താണ് പ്രശ്നം.
വ്യവസായ മേഖലയിലുള്ള പല സംരംഭങ്ങളിലും പലർക്കും ഓഹരികളുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ ഓഹരിയുള്ള കെ.എസ്.ഐ.ഡി.സിയെ പ്രത്യക്ഷമായി നിയന്ത്രിക്കുന്നതിലൂടെ മുഖ്യമന്ത്രി വിവാദ കമ്പനിയെ പരോക്ഷമായി നിയന്ത്രിക്കുകയാണെന്ന് പറയുന്ന ആ റിപ്പോർട്ട് അസംബന്ധമാണ്. കേന്ദ്ര ഏജൻസികളും ബി.ജെ.പിയും കോൺഗ്രസും ചേർന്ന് നടത്തുന്ന ഗൂഢാലോചനയാണ് ഇതെല്ലാം. മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാധ്യമക്കശാപ്പാണിതെന്നും ഇ.പി. ജയരാജൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.