വിറ്റൊഴിഞ്ഞ് തടിയൂരാൻ ഇ.പി ജയരാജൻ
text_fieldsകണ്ണൂർ: വൈദേകം റിസോർട്ടിൽ കുടുംബത്തിനുള്ള ഒാഹരികള് വില്ക്കാനുള്ള ഇ.പി. ജയരാജന്റെ തീരുമാനം വിറ്റൊഴിഞ്ഞ് വിവാദങ്ങളിൽനിന്ന് തടിയൂരാനുള്ള ശ്രമം. ഇടഞ്ഞുനിന്നിട്ടും സി.പി.എമ്മിൽനിന്ന് അനുനയ നീക്കമില്ലാത്തതിനെ തുടർന്നാണ് വൈദേകം വിവാദത്തിൽനിന്ന് ഒഴിഞ്ഞുമാറാനായി ഓഹരി വിൽക്കാനുള്ള തീരുമാനത്തിലേക്ക് ഒടുവിലെത്തിയത്. ഭാര്യ ഇന്ദിര, മകൻ ജെയ്സൺ എന്നിവരുടെ പേരിലുള്ള ഓഹരിയാണ് സമ്മർദത്തിന് വഴങ്ങി വിൽക്കാൻ തീരുമാനമായത്. പാർട്ടിയോട് പിണങ്ങിയ ഇ.പി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽനിന്ന് വിട്ടുനിന്നിരുന്നു.
കുടുംബം നടത്തുന്ന വൈദേകം റിസോർട്ടിനെ പറ്റി പി. ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ച പരാതിയിൽ വിശദീകരണം നൽകിയിട്ടും നേതൃത്വം കൃത്യമായ മറുപടി നൽകാത്തതിൽ ഇ.പിക്ക് പരിഭവമുണ്ടായിരുന്നു. കൂടാതെ തന്നേക്കാൾ ജൂനിയറായ എം.വി. ഗോവിന്ദനെ പാർട്ടി സെക്രട്ടറിയാക്കിയതിലും നീരസമുണ്ടായിരുന്നു.
ഇതിന്റെയെല്ലാം പ്രതിഷേധമെന്നോണമാണ് ജാഥയിൽനിന്ന് വിട്ടുനിന്നത്. എന്നാൽ, വിഷയത്തിൽ അനുനയത്തിന് നീങ്ങാതെ നേതൃത്വം ജയരാജന്റെ പരിഭവം അവഗണിക്കുകയായിരുന്നു.
ഒടുവിൽ പാർട്ടിയിൽ ഒറ്റപ്പെടുമോ എന്ന ഭയത്തിലാണ് അദ്ദേഹം ജാഥ തുടങ്ങി 13ാമത്തെ ദിവസം തൃശൂരിലെ വേദിയിലെത്തിയത്. കൂടാതെ റിസോർട്ടിൽ ആദായനികുതി വകുപ്പിന്റെ പരിശോധനയും ഓഹരി സംബന്ധിച്ച് വിശദീകരണം തേടിയുള്ള നോട്ടീസും ഇ.പിയെ കൂടുതൽ പ്രതിരോധത്തിലാഴ്ത്തി.
ഇതോടൊപ്പം പാർട്ടി പിന്തുണകൂടിയില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാകുമെന്നും ഇ.പി തിരിച്ചറിഞ്ഞു. പാർട്ടിയോടൊപ്പം നിൽക്കണോ എന്ന് ജയരാജൻ സ്വയം തീരുമാനിക്കട്ടെയെന്ന നിലപാടിലേക്ക് നേതൃത്വവുമെത്തി.
കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന സ്ഥിതി വന്നതോടെയാണ് മയപ്പെടലിന്റെ ഭാഗമായി പ്രതിരോധ ജാഥയിൽ പങ്കെടുത്തതും ഒടുവിൽ റിസോർട്ട് ഓഹരി വിൽക്കാനുള്ള തീരുമാനവും. തനിക്ക് നേരിട്ട് നിക്ഷേപമില്ലെന്നും മകന്റെ സമ്പാദ്യവും ഭാര്യ വിരമിച്ചപ്പോൾ ലഭിച്ച തുകയും ഉപയോഗിച്ചാണ് റിസോർട്ട് നിർമിച്ചതെന്നുമായിരുന്നു ഇ.പി പാർട്ടിക്ക് നൽകിയ വിശദീകരണം.
എന്നാൽ, ആദായനികുതി വകുപ്പിന്റെ പരിശോധന കൂടി വന്നതോടെ അന്വേഷണം പാർട്ടിക്ക് പുറത്തേക്കും നീളുമെന്ന അവസ്ഥയായി. ഇതും ഓഹരി വിൽക്കാനുള്ള മറ്റൊരു കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.