രണ്ടാം പിണറായി സർക്കാർ ദുർബലം; സരിൻ വയ്യാവേലി
text_fieldsതിരുവനന്തപുരം: ഇ.പി. ജയരാജന്റെ ആത്മകഥയെന്ന നിലയിൽ പുറത്തുവന്നത് 181 പി.ഡി.എഫ് പേജുകളാണ്. ‘പരിപ്പുവടയും കട്ടൻ ചായയും’ എന്ന് പേര് നൽകിയ പുസ്തകത്തിന്റെ കവർ പേജിൽ കട്ടൻചായയുമായി നിൽക്കുന്ന ഇ.എം.എസിന്റെയും ഇ.പി. ജയരാജന്റെയും പടവുമുണ്ട്. അവസാന പേജുകളിലാണ് പാർട്ടിക്കും സർക്കാറിനുമെതിരായ വിമർശനങ്ങൾ ഇ.പി തുറന്നെഴുതുന്നത്.
പിണറായിക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ട്
ഒന്നാം പിണറായി മന്ത്രിസഭയെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചും ജനങ്ങൾക്കിടയിൽ മികച്ച അഭിപ്രായമാണുണ്ടായിരുന്നത്. ആ അഭിപ്രായം നിലനിർത്താനായില്ല എന്നുമാത്രമല്ല, താരമമ്യേന ദുർബലരാണെന്ന തോന്നലും വളർന്നു. പെൻഷൻ വിതരണം മുടങ്ങി. പൊതുവിതരണം അവതാളത്തിലായി. ഇങ്ങനെയെല്ലാമുള്ള പ്രശ്നങ്ങൾ ഭരണവിരുദ്ധ വികാരവുമുണ്ടാക്കി. ഈ വിഷയം ഉയർന്നുവന്നപ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സ് സംഘടിപ്പിച്ചത്. എന്നാൽ, രാഷ്ട്രീയമായി അത് ഗുണംചെയ്തില്ല.
സരിനും അൻവറും
അവസരവാദ രാഷ്ടീയത്തെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വിഷയവും ചർച്ചയാകുമല്ലോ. ഡോ. പി. സരിൻ തലേദിവസംവരെ യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു. അത് കിട്ടാതായപ്പോഴാണ് ഇരുട്ടിവെളുക്കുംമുമ്പുള്ള മറുകണ്ടം ചാടൽ. ശത്രുപാളയത്തിലെ വിള്ളൽ പരമാവധി മുതലെടുക്കണമെന്നത് നേര്. എന്നാൽ അത് വയ്യാവേലിയായ സന്ദർഭങ്ങളും നിരവധിയാണ്. പി.വി. അൻവർ അതിലൊരു പ്രതീകമാണ്.
ജാവ്ദേക്കർ ബിനോയ് വിശ്വത്തെയും കണ്ടു
2023 ഫെബ്രുവരി രണ്ടിനാണ് ദല്ലാൾ നന്ദകുമാറിനൊപ്പം ബി.ജെ.പി നോതവ് പ്രകശ് ജാവ്ദേക്കർ തിരുവനന്തപുരത്തെ മകന്റെ ഫ്ലാറ്റിൽ വന്നത്. ബി.ജെ.പിയുടെ കേരള പ്രഭാരിയായി ചുമതല ഏറ്റെടുത്തശേഷം എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളെയും കാണുന്നതിന്റെ ഭാഗമായ അനൗപചാരിക കൂടിക്കാഴ്ച എന്നാണ് പറഞ്ഞത്. സമാനമായി ബിനോയ് വിശ്വം, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങി പലരെയും കണ്ടതായും പറഞ്ഞു. അഞ്ച് മിനിറ്റിൽ കൂടുതൽ ആ കൂടിക്കാഴ്ച നീണ്ടില്ല. ഇതിൽ രാഷ്ട്രീയമായ ഒരു വിശേഷവും ഇല്ലാത്തതിനാൽ പാർട്ടിഘടകത്തിൽ ചർച്ച ചെയ്യാൻ മാത്രം പ്രധാന്യം അതിന് എനിക്ക് തോന്നിയിട്ടുമില്ല.
പക്ഷേ, ഒന്നരവർഷം കഴിഞ്ഞ് ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇതെടുത്തിട്ടത് ഗൂഢാലോചന അല്ലാതെ മറ്റെന്താണ്? ഇതിനുപിന്നിൽ ഒരു വിഭാഗം ബി.ജെ.പി നേതാക്കളും യു.ഡി.എഫും ആണ്. ഞാൻ ബി.ജെ.പിയിലേക്ക് പോകാൻ ശ്രമിച്ചുവെന്ന തരത്തിൽ തെരഞ്ഞെടുപ്പിന്റെ മൂർധന്യ നാളുകളിൽ മാധ്യമങ്ങൾ തുടർച്ചയായി ആഘോഷിച്ചു. ഇതിന്റെ വസ്തുത വെളിപ്പെടുത്തേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു. അതുകൊണ്ടാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങിയപ്പോൾ ജാവ്ദേക്കർ കൂടിക്കാഴ്ചയുടെ വസ്തുത തുറന്നുപറഞ്ഞത്.
ബി.ജെ.പി കരുത്തരായ സ്ഥാനാർഥികളെയാണ് നിർത്തിയതെന്ന് ഞാൻ പറഞ്ഞതാണ് ബി.ജെ.പി ബന്ധത്തിന് ഉപോൽബലകമായി ചൂണ്ടിക്കാട്ടപ്പെട്ടത്. തോൽക്കാനാണെങ്കിൽപോലും ബി.ജെ.പി ശക്തരായ സ്ഥാനാർഥികളെ നിർത്തിയെന്ന ഒരു വസ്തുതയാണ് പറഞ്ഞത്. നമ്മുടെ സ്ഥാനാർഥികൾ ചിലേടത്തെങ്കിലും തീർത്തും ദുർബലരായിപ്പോയി എന്ന പ്രയാസത്തിൽ ഒരു ആത്മഗതമെന്ന നിലയിൽ അങ്ങനെ പറഞ്ഞുപോയതാണ്.
പാർട്ടി എന്നെ മനസ്സിലാക്കിയില്ല
ഒരു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് എന്നെ മാറ്റാൻ തീരുമാനിച്ചത്. അതിനു മുമ്പ്ചേർന്ന ഒരു സെക്രട്ടേറിയറ്റ് യോഗത്തിലും വിഷയം ചർച്ചചെയ്തിരുന്നുവത്രെ. ആ യോഗത്തിൽ ഞാൻ പങ്കെടുത്തിരുന്നില്ല. ഇക്കാര്യത്തിൽ എനിക്കുണ്ടായ പ്രയാസം മറച്ചുവെക്കുന്നില്ല.
അത് ഏതെങ്കിലും പദവി നഷ്ടപ്പെട്ടുവെന്ന പ്രയാസമല്ല. എന്നെ ഈ വിഷയത്തിൽ എന്റെ പാർട്ടി മനസ്സിലാക്കിയില്ല എന്നതാണ്. മാത്രമല്ല, ഞാൻ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമാണ്. ഞാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്തിമതീരുമാനം അവിടെയാണുണ്ടാകേണ്ടത്. ഈ വിഷയത്തിൽ പാർട്ടി എടുത്ത നിലപാട് എന്നെക്കുറിച്ച് പാർട്ടി പ്രവർത്തകരിലും അണികളിലും തെറ്റിദ്ധാരണ പരത്താനിടയാക്കി എന്ന വസ്തുത മറച്ചുവെക്കുന്നുമില്ല.
‘വൈദേകം’ പിന്നെ പറയാം
ഞാൻ ഇല്ലാത്ത ഒരു സംസ്ഥാന സമിതി യോഗത്തിലാണ് പി. ജയരാജൻ വൈദേകം റിസോർട്ട് വിഷയം ഉന്നയിച്ചത്. ഒരു സ്വകാര്യ കമ്പനിയായ വൈദേകത്തെ സഹകരണ സ്ഥാപനത്തെപോലെ പാർട്ടി സഹായിക്കാൻ പാടുണ്ടോ എന്ന് മാത്രമാണ് താൻ പറഞ്ഞതെന്ന് അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി. ജയരാജൻ വ്യക്തമാക്കി. എന്നാൽ വിവാദം ഉയർന്ന സമയം ബന്ധപ്പെട്ടവർ ഇങ്ങനെ മറുപടി പറഞ്ഞിരുന്നെങ്കിൽ അന്ന് വിവാദം അവസാനിക്കില്ലേ എന്നായിരുന്നു എന്റെ ചിന്ത. വിഷയം വളച്ചൊടിച്ച് ഇങ്ങനെയാക്കിയതിന് പിന്നിൽ ആരെന്നറിയാം. അവരുടെ പേര് തൽക്കാലം പരാമർശിക്കാൻ ഉദ്ദേശിക്കുന്നില്ല.
മാർട്ടിനും പാർട്ടിയും
ദേശാഭിമാനിയുടെ നവീകരണത്തിന് ഫണ്ട് ശേഖരിക്കുന്നതിന് വേണ്ടിയാണ് സാന്റിയാഗോ മാർട്ടിന്റെ കമ്പനിയിൽ പരസ്യ ഇനത്തിൽ രണ്ടുകോടി മുൻകൂറായി കൈപ്പറ്റിയത്. സംസ്ഥാന സെക്രട്ടേറിറ്റ് ചർച്ച ചെയ്ത് തീരുമാനിച്ചാണ് ദേശാഭിമാനി അക്കൗണ്ടിലേക്ക് പണം കൈപ്പറ്റിയത്. പക്ഷേ, ലോട്ടറി രാജാവിൽനിന്നും ഞാൻ വ്യക്തിപരായി പണംവാങ്ങി എന്ന നിലയിലേക്കുവരെ ചില കേന്ദ്രങ്ങൾ ചർച്ച കൊണ്ടുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.