ചൂടാറാതെ ഇ.പിയുടെ ‘കട്ടൻചായയും പരിപ്പുവടയും’; സസ്പെൻഷൻ, മൊഴിയെടുക്കൽ, കരാർ വിവാദം...
text_fieldsകോട്ടയം: ‘കട്ടൻചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരിൽ പ്രചരിച്ച സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു. പുസ്തകം പ്രസിദ്ധീകരിക്കാൻ അദ്ദേഹവുമായി കരാറിലേർപ്പെട്ടിട്ടില്ലെന്ന് ഡി.സി ബുക്സ് ഉടമ രവി ഡീസീയുടെ മൊഴി. കോട്ടയം ഡിവൈ.എസ്.പി കെ.ജി. അനീഷ് മുമ്പാകെയാണ് രവി ഡീസീ മൊഴി നൽകിയത്. പുസ്തകം സംബന്ധിച്ച് വിവാദം ഉയർന്ന സമയത്ത് വിദേശത്തായിരുന്ന രവി ഡീസീ മടങ്ങിയെത്തിയശേഷം തിങ്കളാഴ്ച പൊലീസിൽ ഹാജരായി മൊഴി നൽകുകയായിരുന്നു. ഇ.പി. ജയരാജൻ ഡി.ജി.പിക്ക് നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം നടക്കുന്നത്.
അതേസമയം, കരാറില്ലെന്ന ഡി.സി ബുക്സ് അധികൃതരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കേസെടുത്തേക്കും. പുസ്തകം സംബന്ധിച്ച് ജയരാജനുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും കരാറിൽ എത്താൻ ധാരണയായിരുന്നെന്നുമാണ് രവി ഡീസീ മൊഴിനൽകിയതെന്നാണ് അറിയുന്നത്. സംഭവം അന്വേഷിക്കുന്ന കോട്ടയം ജില്ല പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് ഇതുസംബന്ധിച്ച റിപ്പോർട്ട് ഉടൻ ഡി.ജി.പിക്ക് കൈമാറും. കരാറുണ്ടായിരുന്നില്ലെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന ശിപാർശയോടെയുള്ള റിപ്പോർട്ടാകും എസ്.പി സമർപ്പിക്കുകയെന്നാണ് വിവരം. ഡി.ജി.പി ആഭ്യന്തരവകുപ്പുമായി കൂടിയാലോചിച്ചശേഷം റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കും.
ആത്മകഥ പ്രസിദ്ധീകരിക്കാൻ കരാറുണ്ടായിരുന്നില്ലെന്ന് ഡി.സി ബുക്സ് ജീവനക്കാരും ഇ.പി. ജയരാജനും നേരത്തേ മൊഴി നൽകിയിരുന്നു. അതിന് പിന്നാലെയാണ് രവി ഡീസീയുടെ മൊഴിയും. പുസ്തകവിവാദം കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ സി.പി.എമ്മിനെയും സർക്കാറിനെയും വൻ പ്രതിരോധത്തിലാക്കിയിരുന്നു. രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും പാലക്കാട്ടെ ഇടത് സ്ഥാനാർഥി പി.സരിൻ വയ്യാവേലിയാകുമെന്നുമുള്ള പരാമർശങ്ങളാണ് വലിയ വിവാദമായത്. എന്നാൽ, പുസ്തകത്തിലെ പുറത്തുവന്ന ഭാഗങ്ങൾ തന്റേതല്ലെന്നായിരുന്നു ജയരാജന്റെ പ്രതികരണം. ജയരാജന്റെ മൊഴിയും കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.
ഡി.സി. ബുക്സ് ജീവനക്കാരന് സസ്പെൻഷൻ
കോട്ടയം: ഇ.പി. ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് ഡി.സി ബുക്സ് ജീവനക്കാരന് സസ്പെൻഷൻ. ഡി.സി. ബുക്സ് പബ്ലിക്കേഷൻ വിഭാഗം മേധാവി എ.വി. ശ്രീകുമാറിനെയാണ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്.
എന്നാൽ അച്ചടക്ക നടപടി ഡി.സി. ബുക്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഡി.സി. ബുക്സ് അ ചിലർ ഇത് സ്ഥിരീകരിച്ചു.
ഇ.പി ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരണത്തിന്റെ ചുമതല ഈ ജീവനക്കാരനായിരുന്നു. പുസ്തക പ്രസിദ്ധീകരണത്തിനുള്ള കരാർ വാങ്ങുന്നതിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം. ആഭ്യന്തര അന്വേഷണവും നടത്തിയിരുന്നു.
വാർത്തകൾ അടിസ്ഥാനരഹിതം -ഡി.സി ബുക്സ്
കോട്ടയം: ഇ.പി. ജയരാജന്റെ ആത്മകഥ വിവാദത്തിലെ അന്വേഷണത്തിൽ രവി ഡീസീയുടെ മൊഴിയായി മാധ്യമങ്ങളിൽ നിലവിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ഡി.സി ബുക്സിന്റെ വിശദീകരണം. നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാറുള്ളൂ. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അഭിപ്രായപ്രകടനം അനുചിതമെന്നും ഡി.സി ബുക്സ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.