റിസോർട്ട് വിവാദത്തിന് വിരാമം
text_fieldsതിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട റിസോർട്ട് വിവാദം സി.പി.എമ്മിൽ കെട്ടടങ്ങുന്നു. കണ്ണൂരിലെ വിവാദ റിസോർട്ടിലെ ഓഹരി പങ്കാളിത്തം ഇ.പി. ജയരാജന്റെ കുടുംബം വിറ്റൊഴിയാൻ തീരുമാനിച്ചതും പാർട്ടിയുമായുള്ള പിണക്കം ഇ.പി അവസാനിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ വിഷയം അവസാനിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട് ഒരു ആക്ഷേപവുമില്ല, തീരുമാനവുമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിശദീകരിച്ചത് ഈ പശ്ചാത്തലത്തിലാണ്. തെറ്റുതിരുത്തൽ നടപടികൾ പാർട്ടി ഗൗരവത്തിൽ ചർച്ചചെയ്യുമ്പോഴാണ് മുതിർന്ന നേതാവിനെ ചൊല്ലിയുള്ള അനധികൃത സ്വത്ത് ആക്ഷേപം അന്വേഷണമില്ലാതെ അവസാനിപ്പിക്കുന്നത്. തെറ്റുതിരുത്തൽ ചർച്ചക്കിടെ, സംസ്ഥാന സമിതിയിൽ പി. ജയരാജനാണ് കണ്ണൂരിലെ റിസോർട്ടിൽ ഇ.പി. ജയരാജന് അനധികൃത നിക്ഷേപമുണ്ടെന്ന ആക്ഷേപം ഉന്നയിച്ചത്. റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്നും മകന്റെയും ഭാര്യയുടെയും പേരിലുള്ള നിക്ഷേപം അവരുടെ വരുമാനം കൊണ്ട് നേടിയതാണെന്നും ഇ.പി സംസ്ഥാന സമിതിയിൽ വിശദീകരിച്ചു. റിസോർട്ട് വിവാദം ഉയർത്തി തനിക്കെതിരായ ഗൂഢാലോചന നടത്തുകയാണെന്നും അക്കാര്യത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തനിക്കെതിരെ ഗൂഢാലോച നടത്തുന്നവരെ അറിയാമെന്നും വേണ്ടസമയത്ത് പേരു വെളിപ്പെടുത്തുമെന്നും അദ്ദേഹം തുറന്നടിക്കുകയും ചെയ്തതാണ്. ജനകീയ പ്രതിരോധ ജാഥയിൽനിന്ന് ഇ.പി. ജയരാജൻ വിട്ടുനിൽക്കാനുണ്ടായ പ്രകോപനവും അതായിരുന്നു.
പാർട്ടിയെ സമ്മർദത്തിലാക്കാൻ തുനിഞ്ഞ ഇ.പി സ്വയം സമ്മർദത്തിലാകുന്നതാണ് പിന്നീട് കണ്ടത്.
ഇ.പിയുടെ പിണക്കം മാറ്റാൻ പാർട്ടി നേതൃത്വത്തിൽനിന്ന് നീക്കങ്ങൾ ഒന്നുമുണ്ടായില്ല. മാത്രമല്ല, പാർട്ടി ജാഥയിൽനിന്ന് മാറിനിന്ന് കൊച്ചിയിൽ വിവാദ ഇടനിലക്കാരന്റെ സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത വിവരം പുറത്തുവന്നതോടെ പ്രതിരോധത്തിലായ ഇ.പി. ജയരാജൻ ജാഥയിൽ പങ്കെടുത്ത് പാർട്ടിയുമായുള്ള പിണക്കം അവസാനിപ്പിച്ചു. ഇതിനെതുടർന്നാണ് റിസോർട്ട് വിവാദത്തിന് വിരാമമിടാൻ നേതൃത്വത്തിൽ ധാരണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.