Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.പി: കണ്ണൂരിന്‍റെ...

ഇ.പി: കണ്ണൂരിന്‍റെ പോരാളി ഇനി മുന്നണിയുടെ തേരാളി

text_fields
bookmark_border
EP Jayarajan
cancel
Listen to this Article

കണ്ണൂർ: കമ്യൂണിസ്റ്റ് കാർക്കശ്യവും കണിശതയും അത്രക്കില്ല. എന്നാൽ, പോരാളിയുടെ വീറും വാശിയും വേണ്ടുവോളമുണ്ട് ഇ.പി. ജയരാജന്. മനസ്സിലുള്ളത് മറച്ചുപിടിക്കാൻ വേണ്ടത്ര വശമില്ല. കാമറക്ക് മുന്നിലാണെങ്കിലും തോന്നുന്ന കാര്യം മുൻപിൻ നോക്കാതെ പറയുന്നതാണ് ശൈലി. വാവിട്ട വാക്കിന്‍റെ പേരിൽ പലകുറി വിവാദങ്ങളിലകപ്പെട്ടത് അതുകൊണ്ടാണ്. സിൽവർലൈൻ പ്രക്ഷോഭം പ്രതിപക്ഷം ഏറ്റെടുത്ത് സർക്കാറിനെ പ്രതിസന്ധിയിലാക്കുമ്പോൾ പ്രതിരോധിക്കാനുള്ള പോരാളിയുടെ ദൗത്യമാണ് ഇടതുമുന്നണി കൺവീനർ എന്ന നിലക്ക് ഇ.പി. ജയരാജന് മുന്നിലുള്ളത്. ഘടകകക്ഷികളെ മെരുക്കി നിർത്താൻ കേന്ദ്ര കമ്മിറ്റിയിലെ മുതിർന്ന നേതാവിന്‍റെ സംഘാടക പാടവം മുന്നണിക്ക് മുതൽകൂട്ടാവുമെന്നും പാർട്ടി കണക്കുകൂട്ടുന്നു.

അതൃപ്തനായ മുതിർന്ന നേതാവിനെ ആശ്വസിപ്പിക്കാൻ കൂടിയുള്ളതാണ് ഇ.പി. ജയരാജന്‍റെ പുതിയ നിയമനം. നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന്‍റെ നീരസം പരസ്യമാക്കിയിട്ടുണ്ട്. ഇനി പാർലമെന്‍ററി രംഗത്തേക്കില്ലേയെന്ന് പത്രക്കാർ ചോദിച്ചപ്പോൾ 'പിണറായിയെ പോലെ മഹാനല്ല ഞാൻ' എന്നായിരുന്നു പ്രതികരണം.

പാർട്ടി കോൺഗ്രസിൽ പരിഗണിക്കപ്പെടില്ലെന്ന് ഉറപ്പായപ്പോൾ പോളിറ്റ് ബ്യൂറോയിലേക്ക് വരാൻ മാത്രം വലിയ നേതാവായിട്ടില്ലെന്ന് തുറന്നടിച്ചത് ദിവസങ്ങൾ മുമ്പാണ്. ആദ്യ പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായ, കായിക മന്ത്രിയായപ്പോൾ മന്ത്രിസഭയിലെ രണ്ടാമനായാണ് കണക്കാക്കപ്പെട്ടത്. കണിശതക്കുറവ് പാരയായപ്പോൾ ബന്ധുനിയമന വിവാദത്തിൽപെട്ട് മാസങ്ങൾക്കകം രാജിവെക്കേണ്ടി വന്നു. ഭാര്യ സഹോദരി പി.കെ. ശ്രീമതിയുടെ മകൻ പി.കെ. സുധീറിന് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർപ്രൈസസ് ലിമിറ്റഡ് എം.ഡിയായി നിയമനം നൽകിയതിൽ പാർട്ടിയുടെ ശാസനക്കും പാത്രമായി. ഒടുവിൽ വിജിലൻസിന്‍റെ ക്ലീൻ ചിറ്റ് ലഭിച്ചെങ്കിലും കാത്തിരുന്ന ശേഷമാണ് മന്ത്രിപദവി തിരിച്ചുകിട്ടിയത്. നിയമസഭ സീറ്റ് നിഷേധിക്കപ്പെട്ടതോടെ വീണ്ടും ഒതുക്കപ്പെട്ട ഇ.പി ഇടതുമുന്നണി കൺവീനറായി പൂർവാധികം ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. കണ്ണൂർ രാഷ്ട്രീയം കലുഷിതമായ കാലത്ത് ദീർഘകാലം സി.പി.എം ജില്ല സെക്രട്ടറിയായിരുന്നു ഇ.പി. ജയരാജൻ. അന്ന് കണ്ണൂരിൽ കോൺഗ്രസിന്‍റെ പ്രതിരോധം നയിച്ച കെ. സുധാകരനാണ് ഇപ്പോൾ കെ.പി.സി.സിയുടെ അധ്യക്ഷ സ്ഥാനത്തുള്ളത്.

കണ്ണൂരിലെ പഴയ ബദ്ധവൈരികളുടെ പോരിന് ഒരിക്കൽകൂടി അരങ്ങൊരുങ്ങുകയാണ്. 1950 മേയ് 28ന് കീച്ചേരിയിലെ പരേതരായ ബി.എം. കൃഷ്ണൻ നമ്പ്യാരുടെയും ഇ.പി. പാർവതി അമ്മയുടെയും മകനായി ജനിച്ച ജയരാജൻ എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. 1980ൽ ഡി.വൈ.എഫ്.ഐ രൂപവത്കരിച്ചപ്പോൾ പ്രഥമ അഖിലേന്ത്യാ പ്രസിഡന്‍റായി. 1991ൽ അഴീക്കോട്ടുനിന്നും, 2011, 2016 വർഷങ്ങളിൽ മട്ടന്നൂരിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിയുടെ സഹോദരിയും കണ്ണൂർ ജില്ല സഹകരണ ബാങ്ക് റിട്ട. മാനേജരുമായ പി.കെ. ഇന്ദിരയാണ് ഭാര്യ. വിദേശത്തുള്ള ജയ്സൺ രാജ്, ജിതിൻ രാജ് എന്നിവർ മക്കളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ep jayarajanCPM
News Summary - EP: The fighter of Kannur is now the fighter of the Front
Next Story