ഉയർന്ന പെൻഷൻ തിരിച്ചു പിടിക്കൽ: തുടർ നടപടികൾ വിലക്കി ഹൈകോടതി
text_fieldsകൊച്ചി: ഉയർന്ന പെൻഷൻ തിരിച്ചു പിടിക്കുമെന്ന പി.എഫ് റീജനൽ കമീഷണർ ഓഫിസിൽ നിന്നുള്ള നോട്ടീസിലെ തുടർ നടപടികൾ ഹൈകോടതി വിലക്കി. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവിന്റെ മറവിൽ റീജനൽ പി.എഫ് കമീഷണർ ഓഫിസിൽനിന്ന് പുറപ്പെടുവിച്ച നോട്ടീസ് ചോദ്യം ചെയ്ത് ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിലെ വിരമിച്ച ജീവനക്കാർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ഇടക്കാല ഉത്തരവ്. ഹരജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.
ഹൈകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉയർന്ന പെൻഷൻ നൽകുന്നതെങ്കിൽ കോടതിയെ ബോധിപ്പിച്ച് തുടർ നടപടി സ്വീകരിക്കാനാണ് സെൻട്രൽ പി.എഫ് കമീഷണറുടെ നിർദേശം. ഇതിന് വിരുദ്ധമായാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഹരജിയിൽ ആരോപിക്കുന്നു. ഹരജിക്കാരെ പി.എഫിന്റെ ഉയർന്ന പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയത് ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്. ഇതിലേക്ക് ആവശ്യമായ കുടിശ്ശികയും വിഹിതവും അടച്ചിരുന്നു. ഉയർന്ന പെൻഷൻ അനുവദിച്ച് പി.എഫ് അതോറിറ്റി ഉത്തരവും പുറപ്പെടുവിച്ചു. ഇതിനിടെ 2014 സെപ്റ്റംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ പെൻഷൻ പദ്ധതിയിൽ ഭേദഗതി വരുത്തി. എന്നാൽ, സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് ജനുവരി മുതൽ ഉയർന്ന പെൻഷൻ വിലക്കിയിരിക്കുന്നതായി ഹരജിയിൽ പറയുന്നു. ഹൈകോടതി ഉത്തരവുണ്ടെങ്കിലേ ഉയർന്ന പെൻഷൻ നിർത്തിവെക്കാനാവൂ. എക്സിക്യൂട്ടിവ് ഉത്തരവിലൂടെ തടയാനാവില്ലെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.