പകർച്ചവ്യാധി പ്രതിരോധം: ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് വികസന സമിതി യോഗം
text_fieldsകൊച്ചി: ജില്ലയിൽ ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ ജനകീയ പങ്കാളിത്ത ത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ പ്രാദേശിക തലങ്ങളിൽ ശക്തമായി നടപ്പാക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പ കളുടെ യും സഹകരണ ത്തോടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി.
എലിപ്പനി അടക്കമുള്ള പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾ, കന്നുകാലി അനുബന്ധ തൊഴിൽ ചെയ്യുന്നവർ, കർഷകർ, ശുചീകരണ തൊഴിലാളികൾ എന്നിവർ ഡോക്സി സൈക്ലിൻ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഉറവിട നശീകരണത്തിന്റെ ഭാഗമായി ഫോഗിംഗ്, സ്പ്രേയിങ്, വഴിയരികിലെ കാടുകൾ വെട്ടിത്തെളിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പിലാക്കും. പകർച്ചവ്യാധികൾ കൂടുതലായി കണ്ടുവരുന്ന സ്ഥലങ്ങളിൽ ഇത് വേഗത്തിൽ നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
റോഡരികിൽ കിടക്കുന്ന ആവശ്യമില്ലാത്ത പൈപ്പുകൾ കൊതുകിന്റെ ഉറവിടമാകുന്നതിനാൽ നീക്കം ചെയ്യാൻ വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി. തീരപ്രദേശങ്ങളിൽ വള്ളങ്ങളിലും ബോട്ടുകളിലും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാനും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിൽ, ശനിയാഴ്ച സ്ഥാപനങ്ങളിൽ, ഞായറാഴ്ച വീടുകളിൽ എന്നിങ്ങനെ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി ഉറവിട നശീകരണം ഉറപ്പാക്കും.
തെരുവ് നായ്ക്കളെ വന്ധ്യകരണം ചെയ്യുന്നതിനായി വടവുകോട്, മുളന്തുരുത്തി ബ്ലോക്കുകളിൽ ജൂലൈ മാസത്തോടുകൂടി എ.ബി.സി ക്ലിനിക് യാഥാർത്ഥ്യമാകും. ബ്രഹ്മപുരത്ത് നിലവിലുള്ള ക്ലിനിക്കിനോട് ചേർന്ന് പുതിയ എ ബി.സി യൂനിറ്റ് നിർമിക്കും.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കലക്ടർ എൻ.എസ്.കെ ഉമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വികസന കമീഷണർ എം.എസ്. മാധവിക്കുട്ടി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.ഷാജഹാൻ, ജില്ലാ പ്ലാനിങ്ങ് ഓഫീസർ പി.എ. ഫാത്തിമ, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.