പകർച്ചവ്യാധികൾ തടയാൻ സർക്കാർ നടപടിയില്ല; പ്രതിപക്ഷം സഭവിട്ടിറങ്ങി
text_fieldsതിരുവനന്തപുരം: പകർച്ചവ്യാധികൾ തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. പകർച്ചപനിയും മരണവും വർധിക്കുന്ന സാഹചര്യത്തിൽ വേണ്ട പ്രതിരോധ പ്രവർത്തനങ്ങളെ സർക്കാർ ഗൗരവമായി കാണുന്നില്ലെന്ന് മുൻ ആരോഗ്യ മന്ത്രി വി.എസ് ശിവകുമാർ അടിയന്തര പ്രമേയത്തിലൂടെ ആരോപിച്ചു.
കഴിഞ്ഞ അഞ്ചുമാസത്തിനിടെ സംസ്ഥാനത്ത് ഏഴു ലക്ഷം പേർക്ക് പനി ബാധിച്ചിട്ടുണ്ട്. 32 എച്ച്1എൻ1 ബാധിച്ചവരടക്കം 62 പേർ മരിച്ചതായും ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. തീരദേശത്ത് അടക്കം പകർച്ചവ്യാധി വ്യാപിക്കുകയാണ്. മാലിന്യ സംസ്കരണത്തിലുണ്ടായ വീഴ്ചയാണ് ഇതിന് കാരണം. പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ചയുണ്ടായെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
കഴിഞ്ഞ ജനുവരി മുതൽ പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിയമസഭയെ അറിയിച്ചു. ഗുരുതരമായ സ്ഥിതിയാണുള്ളത്. കാലാവസ്ഥ വ്യതിയാനമാണ് പനി പടർന്നു പിടിക്കാൻ കാരണം. ഏതു സാഹചര്യത്തെ നേരിടാനായി ആവശ്യമായ മരുന്നുകൾ സംഭരിച്ചിട്ടുണ്ട്. രോഗബാധയുള്ളവർ ആശുപത്രിയിലെത്തിയാൽ മരുന്നു കിട്ടാത്ത അവസ്ഥ ഉണ്ടാവില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ആരോഗ്യ മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനുമതി നിഷേധിച്ചു. ഗൗരവതരമായ വിഷയം ചർച്ച ചെയ്യാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.