നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട് മെത്രാപ്പോലീത്തയായി അഭിഷിക്തനായി
text_fieldsചങ്ങനാശ്ശേരി: പ്രാർഥനാനിറവിൽ നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട് മെത്രാപ്പോലീത്തയായി അഭിഷിക്തനായി. നിസിബിസ് കൽദായ കത്തോലിക്ക രൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്ത പദവിയും അദ്ദേഹം ഏറ്റെടുത്തു.
ജോർജ് ജേക്കബ് കൂവക്കാടിനെ ഫ്രാൻസിസ് മാർപാപ്പ നേരിട്ട് കർദിനാളായി പ്രഖ്യാപിക്കുകയായിരുന്നു. വൈദിക പദവിയിൽനിന്ന് നേരിട്ട് കർദിനാളാകുന്ന ആദ്യ ഇന്ത്യൻ വൈദികനാണ് അദ്ദേഹം. ഡിസംബർ ഏഴിന് ഇന്ത്യൻ സമയം രാത്രി ഒമ്പതിന് വത്തിക്കാനിൽ കർദിനാൾ പദവി സ്വീകരിക്കും. കർദിനാളായി അഭിഷിക്തനാകുന്നതിന് മുന്നോടിയായിട്ടാണ് ജോർജ് കൂവക്കാട് മെത്രാപ്പോലീത്തയായി അഭിഷിക്തനായത്.
ഞായറാഴ്ച ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടന്ന തിരുകർമങ്ങൾക്ക് സിറോ മലബാർ സഭ മേജർ ആർച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. വത്തിക്കാൻ സെക്രട്ടേറിയറ്റ് സ്റ്റേറ്റ് പ്രതിനിധി ആർച്ബിഷപ് ഡോ. എഡ്ഗാർ പേഞ്ഞ പാർറ, ചങ്ങനാശ്ശേരി അതിരൂപത ആർച്ബിഷപ് തോമസ് തറയിൽ എന്നിവർ സഹ കാർമികരായിരുന്നു. മെത്രാഭിഷേക ചടങ്ങുകൾക്ക് മുന്നോടിയായി മെത്രാപ്പോലീത്തൻ പള്ളി അങ്കണത്തിൽനിന്ന് ദേവാലയത്തിലേക്ക് പ്രദക്ഷിണം നടന്നു.
പ്രദക്ഷിണം ദേവാലയത്തിൽ പ്രവേശിച്ചശേഷം ചങ്ങനാശ്ശേരി അതിരൂപത ചാൻസലർ ഫാ. ജോർജ് പുതുമനമുഴി നിസിബിസ് കൽദായ കത്തോലിക്ക രൂപതയുടെ മെത്രാപ്പോലീത്തയായുള്ള നിയമനപത്രം വായിച്ചു. ജോർജ് കൂവക്കാട് വിശ്വാസപ്രഖ്യാപനവും വിധേയത്വ പ്രതിജ്ഞയും നടത്തി.
ശുശ്രൂഷയുടെ പ്രാരംഭമായി മുട്ടിന്മേൽ നിന്ന നിയുക്ത മെത്രാപ്പൊലീത്തയുടെ ചുമലിൽ ശോശാപ്പ വിരിച്ച് സുവിശേഷഗ്രന്ഥം വായിച്ചു. തുടർന്ന് മാർ റാഫേൽ തട്ടിൽ കൈവെപ്പ് പ്രാർഥനകൾ നടത്തി. രണ്ടാമത്തെ കൈവെപ്പ് പ്രാർഥനക്കുശേഷം സ്ഥാനചിഹ്നങ്ങൾ കൈമാറി മെത്രാനായി അഭിഷേകം ചെയ്തു. മലങ്കര കത്തോലിക്ക സഭ മേജർ ആർച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ സന്ദേശം നൽകി. തുടർന്ന് മാർ ജോർജ് കൂവക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന നടന്നു. കുർബാന സ്വീകരണത്തിനുശേഷം ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച് ബിഷപ് ഡോ. ലിയോപോൾദോ ജിറെല്ലി സന്ദേശം നൽകി. മേജർ ആർച് ബിഷപ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച് ബിഷപ് ഡോ. എഡ്ഗാർ പേഞ്ഞ പാർറ, ആർച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ തോമസ് പാടിയത്ത്, ഫാ. തോമസ് കല്ലുകളം എന്നിവർ സംസാരിച്ചു. മാർ ജോർജ് കൂവക്കാട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.