ഇ.പിയുടെ ജാഗ്രതയില്ലായ്മകൾ സി.പി.എം സെക്രട്ടേറിയറ്റിൽ വിവാദമാകാൻ സാധ്യത
text_fieldsകോഴിക്കോട്: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ ജാഗ്രതയില്ലായ്മകൾ സി.പി.എം സെക്രട്ടേറിയറ്റിൽ വലിയ വിവാദമാകാൻ സാധ്യത. ഇ.പി. ജയരാജനും, ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ചയിൽ ഇ.പി സൂക്ഷ്മത കാണിച്ചില്ലെന്നാണ് പാർട്ടി നേതാക്കളുടെ പൊതുവിലുള്ള സംസാരം. ഇ.പി ജയരാജൻ വോട്ടെടുപ്പ് ദിവസം നടത്തിയ തുറന്നു പറച്ചിൽ സി.പി.എം നേതൃത്വത്തത്തെ തന്നെ ഒന്നാകെ ഉലച്ചിട്ടുണ്ട്.
ഇതാദ്യമായല്ല ഇ.പി ജയരാജന് നേരെ വിവാദം ഉയർന്നുവരുന്നത്. എങ്കിലും ഇപ്പോൾ ഉയർന്ന വിവാദം പഴയതുപോലെ എളുപ്പം തലയൂരുക പ്രയാസമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ഇപ്പോഴത്തെ വിവാദം പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച്, മുഖ്യമന്ത്രി കൂടി ഇ.പി തള്ളിപറഞ്ഞിരിക്കുകയാണ്. ഇ.പി ജാഗ്രതക്കുറവുണ്ടായി എന്ന വാക്യത്തിൽ അത് ഒതുക്കാനാവില്ല. ഇ.പി കേന്ദ്ര കമ്മിറ്റി അംഗമായിതിനാൽ പുതിയ വിവാദത്തിൽ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ ക്വാർട്ടിലേക്കാവും പന്ത് എത്തുക.
ജാഗ്രതക്കുറവ് ഇ.പി യെ സംബന്ധിച്ചിടത്തോളം കൂടെപ്പറിപ്പാണ്. ജാഗ്രതയോടെ ജീവിക്കുകയെന്നത് അദ്ദേഹത്തെ സംബന്ധിച്ചടുത്തോളം ഒരസംബന്ധവുമാണ്. ഒരുകാലത്ത് കേരളത്തിലെ ലോട്ടറി മേഖലയെ അടക്കിവാണ രാജാവായ സാന്റിയാഗോ മാർട്ടിൻ ദേശാഭിമാനിക്ക് രണ്ട് കോടി രൂപ നൽകിയത് വിവാദമായിരുന്നു. അത് അൽപം കടുത്തപ്പോൾ ഇ.പി ജയരാജന് ദേശാഭിമാനിയുടെ ജനറൽ മാനേജർ സ്ഥാനം നഷ്ടമായി. അന്ന് ഇ.പിയുടെ ജാഗ്രതക്കുറിവിനെ സംബന്ധിച്ച് സംസ്ഥാന നേതൃത്വം ദീർഘമായ ചർച്ച നടത്തി. തെറ്റ് തിരുത്തുക എന്ന പാർട്ടി പരിപാടിയിലെ പ്രധാന ഇനം സൈദ്ധാന്തികമായി നടപ്പാക്കി. അന്ന് ജയരാജന്റെ എടുത്തുചാട്ടത്തെ പാർട്ടി പ്രവർത്തകർ ഓർമിപ്പിച്ചരുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പാർട്ടിയായതിനാൽ ഇത്തരം ജാഗ്രതക്കുറുവകൾ തിരുത്തേണ്ടതാണം നേതൃത്വം സഖാക്കളെ ഉപദേശിച്ചു. പിന്നീടാണ് വൈദേഹം റിസോർട്ടുമായി ബന്ധപ്പെട്ട വിവാദം ഇ.പിയെ പിടികൂടിയത്. അത് ഇപ്പോഴും വിടാതെ പിന്തുടരുന്നുണ്ട്. റിസോർട്ടിന്റെ നടത്തിപ്പ് ചുമതല കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റീട്രീറ്റ്‌സ് കമ്പനി ഏറ്റെടുക്കുന്നത് കഴിഞ്ഞ വർഷമാണ്. ചന്ദ്രശേഖറാകട്ടെ നരേന്ദ്ര മോദിയുടെ കരങ്ങൾക്ക് കരുത്ത പകരാനാണ് കേരള തലസ്ഥാനത്ത് ബി.ജെ.പി സ്ഥാനാർഥിയായി എത്തിയത്. ഇ.പിയും ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് വൈദേഹം റിസോർട്ടിന്റെ ഭാഗമായാണോ എന്ന ചോദ്യവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. ഈ വിവാദങ്ങളൊന്നും ഇടതു കോട്ടയായ കണ്ണൂരിലെ തെരഞ്ഞെടുപ്പിൽ വലിയ പ്രത്യഘാതങ്ങൾ ഉണ്ടാക്കിയേക്കില്ല.
മന്ത്രിയായിരുന്നപ്പോഴും ഇ.പിക്ക് ജാഗ്രതക്കുറവുണ്ടായി. അന്ന് ബന്ധുനിയമന വിവാദം ഉയർന്നപ്പോൾ കേന്ദ്ര നേതാക്കൾ ഇടപെട്ടാണ് ഇ.പി ജയരാജനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് സൂചന. ലോക്സഭ തെരെഞ്ഞെടുപ്പിന്റെ തിരശീല വീഴുന്നതോടെ പാർട്ടിക്കുള്ളിൽ പുതിയ അങ്കപുറപ്പാട് തുടങ്ങുമെന്നാണ് രാഷ്ട്രീയ നിരീക്ഷരുടെ വിലയിരുത്തൽ. പാർട്ടി നേരിടേണ്ടിവരുന്ന ഗുരുതര പ്രശ്നമായിരിക്കും ഇ.പിയുടെ ജാഗ്രത കുറവ്. സി.പി.എമ്മുമായി ഇടഞ്ഞുനിന്ന കാലത്ത് ബി.ജെ.പി നേതൃത്വം ഇ.പിയെ പ്രലോഭിപ്പിച്ചതാണോ? അന്ന് മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞിരുന്നോ? ഈ വിവാദത്തിനിടയിൽ ഇ.പി ജയരാജന് എൽ.ഡി.എഫ് കൺവീനറായി എത്രനാൾ തുടരാനാകും? കഠോപനിഷത്തിലെ ‘ജാഗ്രത’യെക്കുറിച്ച് സംഘപരിവാരങ്ങൾ ഇ.പിക്ക് ക്ലാസ് നൽകിയോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.