മുതിർന്നവരെ ജർമനും ജാപ്പനീസുമടക്കം പഠിപ്പിക്കണം
text_fieldsതിരുവനന്തപുരം: മുതിർന്നവർക്കുള്ള തുല്യത ക്ലാസുകളിൽ മൂന്നാം ഭാഷയായി ഹിന്ദിക്ക് പുറമേ ജർമൻ, ചൈനീസ്, റഷ്യൻ, ഫ്രഞ്ച്, ജാപ്പനീസ് ഭാഷകൾ പഠിക്കാനുള്ള അവസരം ഒരുക്കണമെന്ന് മുതിർന്നവരുടെ തുടർവിദ്യാഭ്യാസം സംബന്ധിച്ച പാഠ്യ പദ്ധതി ചട്ടക്കൂട്. തുടർവിദ്യാഭ്യാസ പദ്ധതിയിൽ ബാങ്കിങ് സേവനങ്ങളെക്കുറിച്ചടക്കം സാമ്പത്തിക വിദ്യാഭ്യാസവും ഉൾപ്പെടുത്തണമെന്നും ചട്ടക്കൂടിൽ നിർദേശമുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്നോ മറ്റ് രാജ്യങ്ങളിൽനിന്നോ വന്ന് കേരളത്തിൽ താമസിക്കുന്നവർക്കും തൊഴിലെടുക്കുന്നവർക്കും മലയാളം പഠിക്കാനുള്ള അവസരം നൽകുകയെന്നത് തുടർവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും. ബാങ്കിങ് സേവനങ്ങളെക്കുറിച്ച് അവബോധം നൽകുന്ന സാമ്പത്തിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകണം. ആരോഗ്യം, കായികം, തൊഴിൽ, ശാസ്ത്രം, ഭരണഘടന, നിയമസാക്ഷരത, സാങ്കേതികവിദ്യ തുടങ്ങിയവക്കും പരിഗണന നൽകും.
നിലവിലെ അയവില്ലാത്ത വിലയിരുത്തൽ രീതി മുതിർന്ന പഠിതാക്കൾക്ക് അനുയോജ്യമല്ല. സ്വയം വിലയിരുത്തി പരിമിതികൾ തിരിച്ചറിഞ്ഞ് പരിഹരിക്കാൻ അവസരം നൽകണം. നൈപുണ്യവികസനത്തിന് ഓൺലൈൻ കോഴ്സുകളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം. വാക്കുകളിൽപോലും ലിംഗസമത്വം ഉറപ്പുവരുത്തണമെന്നും ചട്ടക്കൂട് നിഷ്കർഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.