ഓട്ടിസം തെറപ്പിയിൽ നിർമിതബുദ്ധി കേന്ദ്രീകൃത പഠനപദ്ധതിയുടെ കാലം
text_fieldsതൃശൂർ: ഓട്ടിസം ബാധിച്ച കുട്ടികൾക്ക് കൈത്താങ്ങാകുകയാണ് നിർമിതബുദ്ധി ഉപയോഗിച്ചുള്ള ഭാവനലോകം. ഓട്ടിസം കെയർ സെന്‍ററുകളും ബഡ്സ് സ്കൂളുകളും സ്പെഷൽ സ്കൂളുകളും ഓട്ടിസം ബാധിതർക്കുള്ള വിർച്വൽ പഠനകേന്ദ്രങ്ങളായി മാറുകയാണ്. ഭാവനലോകം കുട്ടികളുടെ മുന്നിലെത്തിക്കുന്ന എച്ച്.ഡി.സി വൈ പ്രോ ഹെഡ്സെറ്റ് അടങ്ങുന്ന കമ്പ്യൂട്ടർ സംവിധാനം കുട്ടികളെ എന്തും കൈയെത്തിപ്പിടിക്കാൻ സഹായിക്കുന്നു.
കുട്ടിയുടെ കണ്ണുകളെ വിശകലനം ചെയ്യുന്ന സെൻസറുകളും (ഐ ട്രാക്കിങ് സെൻസർ) വികാരങ്ങൾ അളക്കാനുള്ള ഇ.ഇ.ജി സെൻസറുകളുമുപയോഗിക്കുന്നതോടെ കുട്ടിയെ വിശകലനം ചെയ്യാനും കൂടുതൽ പരിശീലന പദ്ധതികൾ അവർക്കായി ആസൂത്രണം ചെയ്യാനുമുള്ള സാധ്യതയാണ് വന്നുചേരുന്നത്.
മൂന്നു മാസം മുതൽ ആറു മാസം വരെയുള്ള 'വിർച്വൽ റിയാലിറ്റി ഓട്ടിസം തെറപ്പി'കൊണ്ട് ഗുണകരമായ മാറ്റം ഉണ്ടാകുന്നുണ്ടെന്ന് ഓട്ടിസം സ്കൂൾ അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. പഴങ്ങൾ പെറുക്കാനും ടോയ്ലറ്റ് ഉപയോഗിക്കാനും സൂപ്പർമാർക്കറ്റിൽ പോകാനുമൊക്കെയായി നിർമിതബുദ്ധി കേന്ദ്രീകൃത പരിശീലനത്തിൽ പഠിപ്പിക്കുന്നുണ്ട്. ലാപ്ടോപ്പിൽ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ നിയന്ത്രിക്കാനുമാകും. കുട്ടികൾക്ക് ഇഷ്ടമുള്ള വസ്തുക്കളുപയോഗിച്ച് പരിശീലനം നൽകാനും അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത്തരത്തിൽ നൈപുണ്യം വികസിപ്പിക്കാനും പഠനം അവസരം നൽകുന്നുണ്ടെന്ന് വിർച്വൽ റിയാലിറ്റി 'ഓട്ടി കെയർ' പഠന പദ്ധതി പ്രോജക്ട് മാനേജർ ബി. അജിഷ 'മാധ്യമ'ത്തോട് പറഞ്ഞു.
അഞ്ചര ലക്ഷം രൂപയോളം ചെലവുണ്ട് ഈ സംവിധാനത്തിന്. തെറപ്പിസ്റ്റുകളുടെ നിർദേശത്തിൽ വീട്ടിൽ വിർച്വൽ റിയാലിറ്റി ഉപയോഗിച്ച് പരിശീലനം സാധ്യമാകുന്ന 'ഓക്കുലസ് ഹെഡ്സെറ്റ്' മാത്രമടങ്ങുന്ന സംവിധാനം 15,000 രൂപ മുതലും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.