എറണാകുളം-അങ്കമാലി അതിരൂപത: വീണ്ടും മുറുകി കുർബാന തർക്കം
text_fieldsകൊച്ചി: ഏകീകൃത കുർബാനക്ക് വാദിക്കുന്ന സഭാനേതൃത്വം ഉൾപ്പെടുന്ന ഔദ്യോഗികവിഭാഗം ഒരു പക്ഷത്ത്, കാലങ്ങളായി തുടരുന്ന ജനാഭിമുഖ കുർബാന തുടരുമെന്ന നിലപാടിലുറച്ച് അതിരൂപതയിലെ ഭൂരിഭാഗം വൈദികരും വിമതവിഭാഗവും മറുപക്ഷത്ത്... ഇരുകൂട്ടരും തങ്ങളുടെ നിലപാടിൽനിന്ന് അണുവിട മാറാതെ തുടരുമ്പോൾ എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം നാൾക്കുനാൾ മുറുകുന്നു.
ഏകീകൃത കുർബാന ജൂലൈ മൂന്നുമുതൽ നിർബന്ധമാക്കി ജൂൺ ഒമ്പതിന് സഭ മേജർ ആർച് ബിഷപ്പും അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററും പുറത്തിറക്കിയ സർക്കുലറിന് പിന്നാലെയാണ് ആശയ സംഘർഷം രൂക്ഷമാവുന്നത്. നിർദേശം അനുസരിക്കാത്ത വൈദികരെ പുറത്താക്കുമെന്ന മുന്നറിയിപ്പും സർക്കുലറിലുണ്ടായിരുന്നു. കുർബാന തർക്കം പരിഹരിക്കുന്നതിന് ഓൺലൈൻ സിനഡ് ചേരാനിരിക്കെ ഇത്തരമൊരു സർക്കുലർ പ്രസിദ്ധീകരിച്ചതിനെതിരെ അതിരൂപതയിലെ പ്രബലരായ അൽമായ മുന്നേറ്റമുൾപ്പെടെ രംഗത്തെത്തിയിരുന്നു. തുടർന്ന് ജൂൺ 14നും 19നും ചേർന്ന സിനഡ് യോഗത്തിൽ സമവായത്തിനുള്ള ശ്രമങ്ങളുണ്ടാവുകയും ചില മെത്രാന്മാർ വൈദികർക്കെതിരായ പുറത്താക്കൽ നടപടിക്കെതിരെ വിയോജനം രേഖപ്പെടുത്തുകയും ചെയ്തു. ഇതിനിടെ, അതിരൂപത വൈദികർക്ക് പിന്തുണയുമായി മറ്റ് രൂപതയിലുള്ളവരും രംഗത്തെത്തി. എന്നാൽ, വെള്ളിയാഴ്ച സഭ ഔദ്യോഗികമായി പുറത്തിറക്കിയ സിനഡാനന്തര അറിയിപ്പിലും ഏകീകൃത കുർബാന നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് തന്നെയാണുള്ളത്. ഇതിനൊപ്പം ഒരു കുർബാനയെങ്കിലും ഏകീകൃത രീതിയിൽ അർപ്പിക്കുന്നവർക്കെതിരായ ശിക്ഷാനടപടി ഇളവു ചെയ്തിരുന്നു.
ഈ കുറിപ്പിനെതിരെ ശനിയാഴ്ചയാണ് അതിരൂപതയിലെ വൈദികരും അൽമായരും കൂട്ടത്തോടെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഓൺലൈൻ സിനഡിൽ നൽകിയ ഉറപ്പുകളൊന്നും പാലിക്കാത്തതിനാൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തന്നെ തുടരുമെന്ന് അതിരൂപത സംരക്ഷണ സമിതിയിലുൾപ്പെട്ട വൈദികർ വ്യക്തമാക്കി. സർക്കുലർ പിൻവലിക്കുകയും ജനാഭിമുഖ കുർബാന അംഗീകരിക്കുകയും വേണമെന്ന വാദവുമായി അൽമായ മുന്നേറ്റവും എന്നാൽ അനുസരിക്കാത്ത വൈദികരെ പുറത്താക്കണമെന്ന ആവശ്യവുമായി സംയുക്ത സഭാ സംരക്ഷണ സമിതിയും രംഗത്തെത്തി.
കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ മാർപാപ്പ വരെ ഇടപെട്ട വിഷയത്തിൽ തർക്കങ്ങൾ പരിഹരിക്കാനാവാതെ തുടരുന്നതിൽ നല്ലൊരു പങ്ക് വിശ്വാസികളും അതൃപ്തിയിലാണ്. സഭാനേതൃത്വം നിർദേശിച്ച ജൂലൈ മൂന്നിന് ദേവാലയങ്ങളിലെ കുർബാന അർപ്പണവുമായി ബന്ധപ്പെട്ട് ഇനിയും സംഘർഷം അരങ്ങേറുമോയെന്ന ആശങ്കയും പലരും പങ്കുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.