എറണാകുളം-അങ്കമാലി അതിരൂപത: ക്രിസ്മസിന് ഏകീകൃത കുർബാനതന്നെ ചൊല്ലണമെന്ന് വത്തിക്കാൻ പ്രതിനിധി
text_fieldsകൊച്ചി: സിറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയിൽ ക്രിസ്മസ് ദിനത്തിൽ സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത കുർബാന അർപ്പിക്കണമെന്ന് മാർപാപ്പയുടെ പ്രതിനിധി സിറിൽ വാസിൽ.
ഇത് കേവലം നിയമം പാലിക്കുന്ന പ്രശ്നമല്ല. മറിച്ച്, സഭയുടെ ഐക്യത്തെ ബാധിക്കുന്ന കാര്യമാണെന്നും ഫ്രാൻസിസ് മാർപാപ്പ തന്റെ സന്ദേശത്തിൽ വ്യക്തമാക്കിയതാണെന്ന് സിറിൽ വാസിൽ അതിരൂപതയിലെ വൈദികർക്കും വിശ്വാസികൾക്കുമായി എഴുതിയ കത്തിൽ പറയുന്നു. കുർബാനതർക്കം പരിഹരിക്കാൻ കേരളത്തിലെത്തിയ സിറിൽ വാസിൽ ചർച്ചക്ക് ശേഷം വെള്ളിയാഴ്ച പുലർച്ചയാണ് വത്തിക്കാനിലേക്ക് മടങ്ങിയത്.
യാഥാർഥ്യം മനസ്സിലാക്കാത്തതിനാൽ മാർപാപ്പയുടെ സന്ദേശത്തിൽ തെറ്റ് കടന്നുകൂടിയെന്നും അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചു എന്നുമുള്ള ആരോപണങ്ങൾ മാർപാപ്പതന്നെ തിരുത്തിയതായും കത്തിൽ പറയുന്നു. മാർപാപ്പയോടുള്ള സ്നേഹവും വിശ്വസ്തതയും ഉചിതമായ പ്രവൃത്തികളിലൂടെ പ്രകടിപ്പിക്കേണ്ട സമയമാണിത്. പിതാവിനെയും സഭയെയും സ്നേഹിക്കുന്നവർ ന്യായീകരിക്കാനാവാത്ത പിടിവാശി ഉപേക്ഷിക്കണമെന്നും കത്തിലുണ്ട്.
സിനഡ് തീരുമാനിച്ചതും നടപ്പാക്കാൻ മാർപാപ്പ ആവശ്യപ്പെട്ടതുമായ കുർബാന അർപ്പണരീതി ഡിസംബർ 25ന് ആരംഭിക്കണമെന്ന് നിർദേശിച്ച് അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ബോസ്കോ പുത്തൂർ സർക്കുലറും പുറപ്പെടുവിച്ചു. സിനഡ് തീരുമാനപ്രകാരമുള്ള കുർബാന അർപ്പണരീതി എങ്ങനെ ഫലപ്രദമായും സമാധാനാന്തരീക്ഷത്തിലും നടപ്പാക്കാമെന്നതിനെക്കുറിച്ച് വൈദികരും സന്യസ്തരും അൽമായരുമായി സിറിൽ വാസിലും താനും ദീർഘനേരം ചർച്ച നടത്തിയിരുന്നു. എന്നാൽ, നിർണായക തീരുമാനത്തിൽ എത്താനായില്ല.
സിനഡ് തീരുമാനപ്രകാരം മുന്നോട്ടു പോകണമെന്നാണ് പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെയും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയുടെയും മാർപാപ്പയുടെയും തീരുമാനം എന്നാണ് വത്തിക്കാനിലേക്ക് മടങ്ങുംമുമ്പ് സിറിൽ വാസിൽതന്നെ അറിയിച്ചത്.
ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്ക ഉൾപ്പെടെ അടഞ്ഞുകിടക്കുന്ന ദേവാലയങ്ങൾ ഉടൻ തുറക്കാൻ ചുമതലപ്പെട്ടവർ ശ്രമിക്കണമെന്നും സർക്കുലറിലുണ്ട്.
ഈ സർക്കുലറും സിറിൽ വാസിലിന്റെ കത്തും ഞായറാഴ്ച അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും കുർബാന മധ്യേ വായിക്കണമെന്നാണ് നിർദേശം.
ബസലിക്ക തുറന്ന് ഏകീകൃത കുർബാന ചൊല്ലിയേക്കും
കൊച്ചി: കുർബാന തർക്കത്തിന്റെ പേരിൽ കഴിഞ്ഞ വർഷം ക്രിസ്മസ് വേളയിൽ അടച്ചിട്ട എറണാകുളം അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക ഈ ക്രിസ്മസിനായി തുറന്നേക്കും. മാർപാപ്പയും സിനഡും നിർദേശിച്ചതനുസരിച്ച് ഏകീകൃത കുർബാന അർപ്പിക്കുകയും ചെയ്യും. ഇതിനുള്ള നിർദേശങ്ങൾ അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ വൈദികർക്ക് നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ക്രിസ്മസ് തലേന്നാണ് ബസിലിക്കയിൽ ഔദ്യോഗിക വിഭാഗത്തിനും വിമത വിഭാഗത്തിനുമിടയിൽ കുർബാന അർപ്പണവുമായി ബന്ധപ്പെട്ട് വലിയ സംഘർഷം അരങ്ങേറിയത്. വിമതവിഭാഗം വൈദികർ ജനാഭിമുഖ കുർബാനയും ബസിലിക്ക അഡ്മിനിസ്ട്രേറ്റർ ഫാ. ആന്റണി പൂതവേലിലിന്റെ നേതൃത്വത്തിൽ ഏകീകൃത കുർബാനയും അർപ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. അസഭ്യവർഷവും തർക്കവും കൈയാങ്കളിയിലേക്ക് നീങ്ങുന്ന ഘട്ടത്തിലെത്തുകയും പിന്നീട് ബസിലിക്ക അടച്ചിടുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.