എറണാകുളം-ബംഗളൂരു സ്പെഷൽ വന്ദേഭാരത് ട്രെയിൻ ടിക്കറ്റിന് വൻ ഡിമാൻഡ്
text_fieldsപാലക്കാട്: ബുധനാഴ്ച സർവിസ് ആരംഭിക്കുന്ന എറണാകുളം- ബംഗളൂരു സ്പെഷൽ വന്ദേഭാരത് എക്സ്പ്രസ് ടിക്കറ്റിന് വൻ ആവശ്യകത. എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് മാത്രമാണ് ടിക്കറ്റ് ബുക്കിങ് തുടങ്ങിയത്. എ.സി എക്സിക്യൂട്ടിവ് ചെയർ കാറിൽ ഞായറാഴ്ചത്തേക്കുള്ള ടിക്കറ്റ് തീർന്നു. ബംഗളൂരു- എറണാകുളം ട്രെയിനിന് ഞായറാഴ്ച ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചിരുന്നെങ്കിലും ചൊവ്വാഴ്ചവരെ ആരംഭിച്ചിട്ടില്ല. സൗത്ത് വെസ്റ്റ് റെയിൽവേ ഇതുസംബന്ധിച്ച് ഇതുവരെ വിശദീകരണവും നൽകിയിട്ടില്ല.
ട്രെയിൻ ഓട്ടം ആരംഭിക്കുന്നതിന് മുന്നോടിയായി റേക്ക് ഷൊർണൂരിൽനിന്ന് എറണാകുളം സ്റ്റേഷനിലെത്തിച്ചു. എറണാകുളത്തുനിന്ന് പാലക്കാട് ജോലാർപേട്ട് വഴി ബംഗളൂരുവിലേക്കും തിരിച്ചുമാണ് വന്ദേഭാരത് സർവിസ് നടത്തുക. വെളുത്ത റേക്കിന് പകരം ഓറഞ്ച് റേക്ക് ആയിരിക്കും എറണാകുളം-ബംഗളൂരു-എറണാകുളം വന്ദേഭാരത് സർവിസിന് ഉണ്ടാകുക. എറണാകുളം-ബംഗളൂരു വന്ദേഭാരത് യാത്രക്ക് ഒമ്പത് മണിക്കൂർ പത്ത് മിനിറ്റാണ് യാത്രസമയം. ആകെയുള്ള എട്ടു കോച്ചുകളിലൊന്ന് എക്സിക്യൂട്ടിവ് ചെയർ കാറും ഏഴെണ്ണം എ.സി ചെയർ കാറും ആണ്. എ.സി ചെയർ കാറിന് 1465 രൂപയും എക്സിക്യൂട്ടിവ് ചെയർ കാറിന് 2945 രൂപയുമാണ് നിരക്ക്. പാലക്കാട്ടുനിന്ന് ഇത് യഥാക്രമം 2445 രൂപയും 1220 രൂപയുമാണ്. എ.സി ചെയർ കാറിന്റെ അടിസ്ഥാന നിരക്ക് 1310 രൂപയും എക്സിക്യൂട്ടിവ് ചെയർ കാറിന്റെ അടിസ്ഥാന നിരക്ക് 2669 രൂപയുമാണ്. എന്നാൽ, ഇതേ റൂട്ടിൽ സർവിസ് നടത്തുന്ന ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിൽ എ.സി ചെയർ കാറിന് 785 രൂപ നൽകിയാൽ മതി.
ബംഗളൂരുവിലേക്ക് ജോലി ആവശ്യങ്ങള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി കേരളത്തില്‍നിന്ന് സഞ്ചരിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അവിടേക്ക് മതിയായ യാത്രാസൗകര്യങ്ങളില്ല എന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. മിക്ക സമയങ്ങളിലും മുൻകൂട്ടി ബുക്ക് ചെയ്തില്ലെങ്കിൽ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥ പലരും നേരിടുന്നുണ്ട്. ഉത്സവസീസണുകളിലും അവധിക്കാലങ്ങളിലും തിരക്ക് ക്രമാതീതമായി വർധിക്കുന്നതും പതിവാണ്. ഈ സാഹചര്യത്തിൽ സർവിസ് സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ഇപ്പോഴേ ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.