നവകേരള സദസിന് ഒരുങ്ങി എറണാകുളം മണ്ഡലം
text_fieldsതിരുവനന്തപുരം: ജനകീയ മന്ത്രിസഭ ജനങ്ങളിലേക്ക് എന്ന സന്ദേശമുയർത്തി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ സംഘടിപ്പിക്കുന്ന നവകേരള സദസിന്റെ ഒരുക്കങ്ങൾ എറണാകുളം മണ്ഡലത്തിൽ ആരംഭിച്ചു. പരിപാടി സംഘടിപ്പിക്കുന്ന മറൈൻഡ്രൈവ് ഗ്രൗണ്ടിൽ പന്തൽ നിർമാണം പുരോഗമിക്കുകയാണ്.
40000 ചതുരശ്ര അടിയിൽ 7000 പേർക്ക് ഇരിക്കാവുന്ന എല്ലാ സജ്ജീകരണങ്ങളോടും കൂടിയ പന്തലാണ് നവ കേരള സദസിനായി ഒരുക്കുന്നത്. പൊതുജനങ്ങൾക്ക് പരാതികൾ, അപേക്ഷകൾ, നിവേദനങ്ങൾ എന്നിവ സമർപ്പിക്കുന്നതിന് പ്രത്യേക കൗണ്ടറുകളും സജ്ജീകരിക്കും. ഇതിനായി 25 കൗണ്ടറുകളാണ് ഒരുക്കുന്നത്. ഭിന്നശേഷിക്കാർക്കായി രണ്ട് വീതവും, വനിതകൾക്കായി ഏഴ് വീതവും, മുതിർന്നവർക്കായി ഏഴ് വീതവും, പൊതുവിഭാഗങ്ങൾക്കായി ഒമ്പത് കൗണ്ടറുകളുമാണ് ഒരുക്കുന്നത്. ഡിസംബർ എട്ടിന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ പൊതുജനങ്ങൾക്ക് നിവേദനങ്ങളും അപേക്ഷകളും സമർപ്പിക്കാവുന്നതാണ്.
പൂർണമായും ഹരിത പെരുമാറ്റ ചട്ടം ഉൾക്കൊള്ളിച്ച് തയാറാക്കുന്ന പന്തലിൽ പൊതുജനങ്ങൾക്കായി കുടിവെള്ളം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. നവ കേരള സദസിന്റെ ഭാഗമായി വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടപ്പിലാക്കി വരുന്നത്. ഇതിൻ്റെ ഭാഗമായി മ്യൂസിക്കൽ ബാൻ്റ് ഷോ, പഞ്ചവാദ്യം മേളം, സെമിനാർ, കൺവെൻഷൻ തുടങ്ങി വിപുലമായ പരിപാടികളാണ് മണ്ഡലത്തിൽ നടപ്പിലാക്കി വരുന്നത്. ഡിസംബർ എട്ടിന് വൈകിട്ട് ആറ് മുതൽ മറൈൻഡ്രൈവ് ഗ്രൗണ്ടിലാണ് എറണാകുളം മണ്ഡലതല നവകേരള സദസ് സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.