എറണാകുളത്ത് സ്ഥിതി രൂക്ഷം; രോഗം സ്ഥിരീകരിച്ച 100 പേരിൽ 94ഉം സമ്പർക്കം
text_fieldsകൊച്ചി: എറണാകുളം ജില്ലയിൽ 100 േപർക്ക് രോഗം സ്ഥിരീകരിച്ചതിൽ 94 പേർക്കും സമ്പർക്കം വഴി. രോഗവ്യാപനം രൂക്ഷമായ ആലുവ കീഴ്മാട് ക്ലസ്റ്ററിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി. മൂന്ന് കോൺവെൻറുകളിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശ്രമങ്ങൾ, മഠങ്ങൾ, പ്രായമായവരെ താമസിപ്പിക്കുന്ന ഇടങ്ങൾ എന്നിവയിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായി.
മഠങ്ങളിലും ആശ്രമങ്ങളിലും പ്രായമായവരെ സന്ദർശിക്കാൻ എത്തുന്നവർ രോഗബാധിതരാണെങ്കിൽ കൂടുതൽ അപകടം ക്ഷണിച്ചുവരുത്തും. കീഴ്മാട്, അയ്യമ്പള്ളി, തൃക്കാക്കര കോൺവെൻറുകളിൽ കോവിഡ് പരിശോധന നടത്തി. തീരമേഖലയായ ചെല്ലാനം ക്ലസ്റ്ററിനോട് ചേർന്നുകിടക്കുന്ന മട്ടാേഞ്ചരി, ഫോർട്ടുകൊച്ചി എന്നീ കോർപറേഷൻ ഡിവിഷനുകളിൽ രോഗവ്യാപന സാധ്യത കാണുന്നു. ഇവ കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലയിൽ വ്യാഴാഴ്ച 95 പേർ രോഗ മുക്തി നേടി. 523 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 292 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. 13248 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 11219 പേർ വീടുകളിലും, 262 പേർ കോവിഡ് കെയർ സെൻററുകളിലും 1767 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
84 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളമശ്ശേരി മെഡിക്കൽ കോളജിൽ 12 പേരെയും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഒരാളെയും ഐ.എൻ.എച്ച് സഞ്ജീവനി ഏഴുപേരെയും അങ്കമാലി അഡ്ലെക്സ് സി.എഫ്.എൽ.റ്റി.സിയിൽ 17 പേരെയും സിയാൽ എഫ്.എൽ.ടി.സിയിൽ ഒമ്പതുപേരെയും രാജഗിരി എഫ്.എൽ.ടി.സിയിൽ ഏഴുപേരെയും സമാരിറ്റനിൽ 13പേരെയും സ്വകാര്യ ആശുപത്രികളിൽ 18 പേരെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിവിധ ആശുപ്രതികളിൽ നിന്ന് 124 പേരെ വ്യാഴാഴ്ച ഡിസ്ചാർജ് ചെയ്തു. കളമശ്ശേരി മെഡിക്കൽ കോളജിൽനിന്ന് 19 പേരെയും അങ്കമാലി അഡ്ലക്സിൽനിന്ന് 36 പേരെയും സിയാൽ എഫ്.എൽ.ടി.സിയിൽനിന്ന് 59പേരെയും സ്വകാര്യ ആശുപത്രികളിൽനിന്ന് 10പേരെയുമാണ് ഡിസ്ചാർജ് ചെയ്തത്.
ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 992 ആണ്. കോവിഡ് 19 പരിശോധനയുടെ 468 ഭാഗമായി സാമ്പിളുകൾ കൂടി പരിശോധനക്ക് അയച്ചു. 638 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 1093 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കാനുണ്ട്. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ ലാബുകളിൽ നിന്നുമായി 3805 സാമ്പിളുകൾ പരിശോധനക്കായി വ്യാഴാഴ്ച ശേഖരിച്ചതായും ജില്ല കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.