മൃതദേഹം ഒന്നിന് 40,000 രൂപ; കഡാവറുകൾ വിറ്റ് എറണാകുളം ജന. ആശുപത്രി നേടിയത് ദശലക്ഷങ്ങൾ
text_fieldsകൊച്ചി: അവകാശികളാരും തേടിയെത്താതെ മോർച്ചറിയിൽ സൂക്ഷിക്കുന്ന അനാഥ മൃതദേഹങ്ങൾ (കഡാവർ) മെഡിക്കൽ കോളജുകൾക്ക് കൈമാറി എറണാകുളം ജനറൽ ആശുപത്രി നാലു വർഷത്തിനിടെ നേടിയത് 30.50 ലക്ഷം രൂപ. 2020 ജനുവരി മുതൽ 2023 ഡിസംബർ വരെ ആശുപത്രിയിലുണ്ടായിരുന്ന 77 അനാഥ മൃതദേഹങ്ങളാണ് ഇത്തരത്തിൽ കൈമാറിയത്.
നിലവിൽ 50.15 ലക്ഷം രൂപ ജനറൽ ആശുപത്രിയുടെ കഡാവർ അക്കൗണ്ടിൽ നീക്കിയിരിപ്പുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള മെഡിക്കൽ കോളജുകൾ വരെ എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് മൃതദേഹങ്ങൾ വാങ്ങുന്ന കൂട്ടത്തിലുണ്ടെന്ന് ആശുപത്രിയിൽ നിന്നു ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
ആകെ കൈമാറിയ 77 മൃതദേഹങ്ങളിൽ ഭൂരിഭാഗവും പുരുഷൻമാരുടേതാണ്-65 എണ്ണം. സ്ത്രീകളുടേത് 12 എണ്ണവുമുണ്ട്. മെഡിക്കൽ വിദ്യാർഥികൾക്കുള്ള പഠനാവശ്യാർഥമാണ് ഇത്തരത്തിൽ മെഡിക്കൽ കോളജുകൾക്കായി പണം വാങ്ങി കൈമാറുന്നത്. സർക്കാർ മെഡിക്കൽ കോളജിൽ നിന്നുൾപ്പെടെ പണം വാങ്ങുന്നുണ്ട്. ഒരു കഡാവറിന് 40,000 രൂപയാണ് നൽകേണ്ടത്.
ഇങ്ങനെ സമാഹരിക്കുന്ന തുക ആശുപത്രി മോർച്ചറിയുടെ ദൈനംദിന ചെലവുകൾക്കായാണ് ഉപയോഗിക്കുന്നത്.വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ അപേക്ഷക്കു മറുപടിയായാണ് ജനറൽ ആശുപത്രി മൃതദേഹ കൈമാറ്റത്തിന്റെ വിവരങ്ങൾ പങ്കുവെച്ചത്. ഒന്നു മുതൽ ആറു വരെ കഡാവറുകൾ ഓരോ വർഷവും വാങ്ങിയ മെഡിക്കൽ കോളജുകളുണ്ട്. സേലം, ചെന്നൈ തുടങ്ങിയ ഇടങ്ങളിലെ മെഡിക്കൽ കോളജ് അധികൃതരും എറണാകുളത്ത് നിന്ന് പഠനാവശ്യാർഥം കഡാവറുകൾ വില കൊടുത്ത് വാങ്ങുന്നുണ്ട്. കൊച്ചി നഗരത്തിലേതുൾപ്പെടെ വൻകിട സ്വകാര്യ മെഡിക്കൽ കോളജുകളും ഇക്കൂട്ടത്തിലുണ്ട്.
മെഡിക്കൽ കോളജുകളുടെ അപേക്ഷ നൽകിയ മുൻഗണനയും മൃതദേഹങ്ങളുടെ ലഭ്യതയും അനുസരിച്ചുള്ള ക്രമത്തിലാണ് അതത് സ്ഥാപനങ്ങൾക്ക് കഡാവർ കൈമാറുന്നതെന്നും വിവരാവകാശ മറുപടി ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.