എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ നെഞ്ചുരോഗ വിഭാഗത്തിൽ ഇബസ് മെഷീൻ സ്ഥാപിച്ചു
text_fieldsകൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ നെഞ്ചുരോഗ വിഭാഗത്തിൽ ഇബസ് മെഷീൻ സ്ഥാപിച്ചു. പലതരത്തിലുള്ള നെഞ്ചുരോഗങ്ങളെ വളരെ കൃത്യതയോടെ നിർണയിക്കാൻ ഇബസ് (എൻഡോ ബ്രോങ്കയിൽ അൾട്രാസൗണ്ട് ഗൈഡഡ് ട്രാൻസ് ബ്രോങ്കയിൽ നീഡിൽ അസ്പിരേഷൻ ആൻഡ് ബയോപ്സി) മെഷീൻ വഴി സാധിക്കും.
ശ്വാസക്കുഴലുകൾക്ക് ഉള്ളിലുള്ള മുഴകൾ സാധാരണ എൻഡോസ്കോപ്പ് മുഖേന പരിശോധിക്കുവാൻ കഴിയും. എന്നാൽ ശ്വാസക്കുഴലുകൾക്ക് പുറമെ സ്ഥിതിചെയ്യുന്ന കാൻസർ മുഴകൾ, ലസിതാ ഗ്രന്ഥികൾ എന്നിവ കണ്ടെത്തുന്നതിന് ഈ മെഷീനിലുള്ള എൻഡോസ്കോപ്പിന്റെ അഗ്രഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന അൾട്രാ സൗണ്ട് പ്രൊസസർ ഉപയോഗിച്ച് കണ്ടെത്തുന്നതിനും, പ്രത്യേക സൂചി ഉപയോഗിച്ച് കുത്തിയെടുത്ത് പരിശോധിച്ചു രോഗം നിർണയിക്കുന്നതിനും കഴിയും.
കൂടാതെ നെഞ്ചിനകത്തെ കാരിനക്ക് സമീപമുള്ള മെഡിയസ്റ്റൈനൽ നോഡുകൾ തിരഞ്ഞെടുക്കുന്നതിനും ശ്വാസകോശ കാൻസർ നിർണയിക്കുന്നതിനും സ്റ്റേജിങ് നടത്തുന്നതിനും ടി.ബി, സർക്കോയ്‌ഡസിസ് രോഗങ്ങൾ എന്നിവ നിർണയിക്കുന്നതിനും കഴിയും എന്നതാണ് മെഷീന്റെ പ്രത്യേകത.
സ്വകാര്യ ആശുപത്രികളിൽ മുപ്പതിനായിരം രൂപയോളം ആവശ്യമുള്ള ഈ അതി നൂതന സാങ്കേതിക പരിശോധനയാണ് മെഡിക്കൽ കോളജ് സാധാരണ ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. പ്ലാൻ ഫണ്ടിൽ നിന്നും 1.9 കോടി രൂപ ചെലവിട്ടാണ് ഈ മെഷീൻ സ്ഥാപിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.