രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
text_fieldsകൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം നോർത്ത് പൊലിസ് കേസെടുത്തു. ബംഗാളി നടി ശ്രീലേഖ മിത്ര പരാതിയെ തുടർന്നാണ് കേസ്. ഐ.പി.സി 354 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നും രഞ്ജിത്തിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും കാണിച്ച് നടി അൽപം മുൻപാണ് കൊച്ചി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്.
ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചുവെച്ചാണ് കൊച്ചി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നത്. അതിക്രമം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വെച്ചാണെന്നും പരാതിയിലുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് രഞ്ജിത്തിനെതിരെ ആരോപണവുമായി നടി രംഗത്തുവന്നത്. തുടർന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്തിന് രാജിവെക്കേണ്ടി വന്നു. ആരോപണം നിഷേധിച്ച സംവിധായകൻ നടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ പേടിച്ചാണ് കഴിഞ്ഞതെന്നും സംഭവത്തിൽ പരാതി പറഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും അവർ സൂചിപ്പിച്ചു. മോശം പെരുമാറ്റം എതിർത്തതിന്റെ പേരിൽ പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാള സിനിമകളിലും പിന്നീട് അവസരം ലഭിച്ചില്ലെന്നും അവർ വെളിപ്പെടുത്തുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.