എറണാകുളം സെന്റ് മേരീസ് ബസിലിക്ക തുറന്നില്ല; തുറന്നുകൊടുക്കരുതെന്ന് അൽമായ സംരക്ഷണ സമിതി
text_fieldsകൊച്ചി: സംഘർഷം അയഞ്ഞിട്ടും എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വിശ്വാസികൾക്ക് പ്രവേശനം ഇല്ല. കുർബാന വിവാദ സംഘർഷത്തെ തുടർന്ന് ഞായറാഴ്ച പൊലീസ് ഇടപെട്ട് പൂട്ടിയ ബസിലിക്കയുടെ വളപ്പിൽ കിടന്ന വാഹനങ്ങൾ ചൊവ്വാഴ്ച ഗേറ്റ് തുറന്ന് വിശ്വാസികൾക്ക് വിട്ടുകൊടുത്തെങ്കിലും പള്ളിയിൽ പ്രവേശിക്കാൻ ഇവരെ അനുവദിച്ചില്ല. അതേസമയം, ബസിലിക്ക വികാരിക്ക് പള്ളിയിൽ കുർബാന നടത്താൻ അനുവാദം ലഭിച്ചു.
കുർബാന നടക്കുമ്പോൾ വിശ്വാസികൾ റോഡിൽനിന്നാണ് അതിൽ പങ്കെടുത്തത്. വികാരിയുടെ നേതൃത്വത്തിൽ അൽമായ മുന്നേറ്റം ഭാരവാഹികൾ ചൊവ്വാഴ്ചയും പൊലീസിനെയും ജില്ല ഭരണകൂടത്തെയും സമീപിക്കുകയും പള്ളി തുറന്ന് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബുധനാഴ്ച ഇക്കാര്യത്തിൽ തീരുമാനം എടുക്കാമെന്നാണ് അറിയിച്ചതെന്നും പള്ളി തുറന്ന് നൽകിയില്ലെങ്കിൽ കോടതിയെ സമീപിക്കുന്നതടക്കം നടപടികളിലേക്ക് നീങ്ങുമെന്നും അൽമായ മുന്നേറ്റം ഭാരവാഹികൾ അറിയിച്ചു.
എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ അതിരൂപത അധ്യക്ഷനും മറ്റ് മെത്രാന്മാർക്കും നിർഭയം കുർബാനയും മറ്റ് തിരുക്കർമങ്ങളും നടത്താവുന്ന സാഹചര്യം ഉണ്ടാകുന്നതുവരെ ദേവാലയം തുറന്നുകൊടുക്കരുതെന്നും പൊലീസ് കസ്റ്റഡി തുടരണമെന്നും അതിരൂപത അൽമായ സംരക്ഷണ സമിതി പ്രസിഡന്റ് ജോണി തോട്ടക്കര, ജനറൽ സെക്രട്ടറി വിൽസൻ വടക്കുഞ്ചേരി, കേരള കാത്തലിക് അസോസിയേഷൻ ഫോർ ജസ്റ്റിസ് പ്രസിഡന്റ് അഡ്വ. പോളച്ചൻ പുതുപ്പാറ ആവശ്യപ്പെട്ടു.
അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവർ വന്ന വാഹനങ്ങളിൽ മാരകായുധങ്ങൾ ഉണ്ടെന്ന് അറിയിച്ചിട്ടും ആവശ്യമായ പരിശോധന നടത്താതെ വിട്ടുകൊടുത്ത നടപടി പൊലീസിന് സംഭവിച്ച ഗുരുതര വീഴ്ചയാണ്.
കോടതി നടപടികളിലൂടെ മാത്രമേ വാഹനങ്ങൾ വിട്ടുനൽകൂ എന്ന് എ.സി.പി അൽമായ സംഘടനക്ക് നൽകിയ ഉറപ്പ് പാലിക്കാക്കാതിരുന്നതും ബസിലിക്ക റെക്ടർ ഫാ. ആന്റണി നരികുളത്തെ പ്രതിപ്പട്ടികയിൽ ചേർക്കാതിരുന്നതും പൊലീസ് സ്വാധീനങ്ങൾക്കു വഴങ്ങുന്നതിന്റെ തെളിവാണെന്നും ഇവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.