വാഹൻ സോഫ്റ്റ് വെയറിലെ പിഴവ്: മോട്ടോർ വാഹനവകുപ്പിന് ലക്ഷങ്ങളുടെ നികുതി നഷ്ടം
text_fieldsതിരുവനന്തപുരം: വാഹൻ സോഫ്റ്റ് വെയറിലെ പിഴവിൽ കുടുങ്ങി സർക്കാറിന് ലക്ഷങ്ങളുടെ നികുതി നഷ്ടം. പ്രശ്നം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പരിഹരിക്കാൻ മോട്ടോർ വാഹനവകുപ്പ് ശ്രമം തുടങ്ങി. ടൂറിസ്റ്റ് ബസുകൾ, വാനുകൾ, മിനി വാനുകൾ തുടങ്ങി കോൺട്രാക്റ്റ് കാര്യേജുകളുടെ നികുതി കണക്കാക്കുന്നതിൽ സംഭവിച്ച പിഴവാണ് നഷ്ടത്തിനിടയാക്കിയത്.
എട്ടു സീറ്റുമുതൽ 50 സീറ്റ് വരെയുള്ള വാഹനങ്ങൾ കോൺട്രാക്റ്റ് കാര്യേജിൽ ഉൾപ്പെടും. 50 സീറ്റുള്ള ബസിന് കുടിശ്ശികയടക്കം രണ്ട് ലക്ഷം രൂപ വാർഷിക നികുതിയാകുമെങ്കിൽ വാഹനിൽ ഇത് 36780 രൂപ മാത്രമായാണ് കാണിക്കുന്നത്. നികുതി ഗണ്യമായി കുറച്ചും പിഴ ഒഴിവാക്കിയുമാണ് ഈ തുക പോർട്ടൽ നിർദേശിക്കുന്നത്. ഇത്തരത്തിൽ 'നികുതി ആനുകൂല്യം' കൈപ്പറ്റിയവരും ഏറെയാണ്. ഉടമകൾ ഏറെയും കോവിഡ് കാലത്തെ പ്രതിസന്ധിയിലായിരുന്നതിനാൽ വിശേഷിച്ചും. ഇത്തരമൊരു പിഴവ് എങ്ങനെയെന്നതിന് ഉദ്യോഗസ്ഥർക്കും മറുപടിയില്ല. അതേ ത്രൈമാസ നികുതി അടയ്ക്കാനാണ് ഓപ്ഷൻ സെലക്ട് ചെയ്യുന്നതെങ്കിൽ തുക കൃത്യമായ പോർട്ടൽ നിർദേശിക്കുന്നുമുണ്ട്.
എത്ര വാഹനങ്ങള്‍ ഈ വിധത്തില്‍ നികുതി ഇളവ് നേടിയെന്നതും എത്രകാലമായി പിഴവ് തുടരുന്നുവെന്നതും വ്യക്തമല്ല. ഇക്കാര്യം കൃത്യമായി കണക്കാക്കിയാലേ നികുതി നഷ്ടം വ്യക്തമാകൂ. നികുതി ലഭിക്കുന്നത് സംസ്ഥാനത്തിനാണെങ്കിലും സോഫ്റ്റ്‌വെയർ കേന്ദ്ര സര്‍ക്കാറിന്‍റേതാണ്. സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി വ്യവസ്ഥകള്‍ പോർട്ടലിൽ ചേർക്കുന്നതിൽ വന്ന പിഴവാണ് നികുതി നഷ്ടത്തിന് കാരണമാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇത് യഥാസമയം കണ്ടെത്തി തകരാര്‍ പരിഹരിക്കാന്‍ മോട്ടോർ വാഹനവകുപ്പിനും കഴിഞ്ഞിട്ടില്ല. നികുതി കണക്കാക്കുന്നതില്‍ ചില പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍, കുറഞ്ഞ നിലയിലെ നികുതി സ്വീകരിക്കുന്നത് പലയിടങ്ങളിലും തുടരുന്നുണ്ട്. ഇത് നിര്‍ത്തിവെക്കാനും കഴിഞ്ഞിട്ടില്ല. നികുതി ഈടാക്കുന്നതില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ഓഡിറ്റ് പരിശോധനയില്‍ കണ്ടെത്താനിടയുണ്ടെന്ന് അധികൃതര്‍ പറയുന്നു. സര്‍ക്കാറിന്‍റെ പിഴവായതിനാല്‍ വൈകി അടയ്ക്കുന്ന തുകക്ക് പിഴ ഈടാക്കാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.