പേട്ടതുള്ളലിന് ഒരുങ്ങി എരുമേലി; ചന്ദനക്കുടം നാളെ
text_fieldsഎരുമേലി: ചരിത്രപ്രസിദ്ധമായ ചന്ദനക്കുട മഹോത്സവത്തിനും അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളലിനും എരുമേലിയിൽ ഒരുക്കമായി. മത സാഹോദര്യവും ഭക്തിയും നിറഞ്ഞ ചന്ദനക്കുടവും പേട്ടതുള്ളലും ദർശിക്കാൻ ആയിരക്കണക്കിന് ജനങ്ങൾ ഒഴുകിയെത്തും. ജമാഅത്തും ദേവസ്വം ബോർഡും വിവിധ സർക്കാർ വകുപ്പുകളും ഒരുക്കം പൂർത്തിയാക്കി. വാവരുപള്ളിയും ക്ഷേത്രങ്ങളും ദീപങ്ങളാൽ അലങ്കരിച്ചു.
എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച വൈകീട്ടാണ് ചന്ദനക്കുട മഹോത്സവം ആരംഭിക്കുന്നത്. 6.30ന് മന്ത്രി വി.എൻ. വാസവൻ ചന്ദനക്കുട ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. രാത്രിയെ പകലാക്കി എരുമേലിയുടെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന ചന്ദനക്കുടം ദർശിക്കാൻ നൂറുകണക്കിനുപേരെത്തും. ബുധനാഴ്ച പുലർച്ച പള്ളിയങ്കണത്തിൽ തിരിച്ചെത്തുന്നതോടെ ചന്ദനക്കുട മഹോത്സവത്തിന് കൊടിയിറങ്ങും. ഇതോടെ പേട്ടതുള്ളലിനുള്ള ഒരുക്കങ്ങളാകും എരുമേലിയിൽ.
ബുധനാഴ്ച രാവിലെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെടുന്നതോടെ അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ട ആരംഭിക്കും. വർണങ്ങൾ വാരിവിതറി വാവരുപള്ളിയിൽ എത്തുന്ന സംഘത്തെ ജമാഅത്തിന്‍റെ നേതൃത്വത്തിൽ പുഷ്പവൃഷ്ടിയോടെ സ്വീകരിക്കും. തുടർന്ന് പള്ളിയെ വലംവെച്ച് വാവരുപ്രതിനിധിയുമായി സംഘം വലിയമ്പലത്തിൽ എത്തുന്നതോടെ അവസാനിക്കും.
പകൽ വെളിച്ചത്തിൽ നക്ഷത്രത്തെ കാണുന്നതോടെ ആലങ്കാട്ട് സംഘത്തിന്‍റെ പേട്ട കൊച്ചമ്പലത്തിൽനിന്ന് ആരംഭിക്കും. വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ താളാത്മക നൃത്തച്ചുവടുകളോടെ വലിയമ്പലത്തിൽ പ്രവേശിക്കുന്നതോടെ അമ്പലപ്പുഴ സംഘത്തിന്‍റെ എരുമേലി പേട്ടതുള്ളൽ അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.