അധിക്ഷേപം: വനിത ജീവനക്കാരുടെ പരാതിയിൽ എരുമേലി റേഞ്ച് ഓഫിസർക്ക് സ്ഥലംമാറ്റം
text_fieldsകോട്ടയം: മാനസികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന വനം വകുപ്പ് വനിത ജീവനക്കാരുടെ പരാതിയിൽ എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ബി.ആർ. ജയന് സ്ഥലംമാറ്റം. അച്ചടക്കനടപടിയുടെ ഭാഗമായി നിലമ്പൂർ സോഷ്യൽ ഫോറസ്ട്രി റേഞ്ചിലേക്ക് മാറ്റിയാണ് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഉത്തരവിട്ടത്. അയ്യപ്പൻകോവിൽ റേഞ്ച് ഓഫിസർ ഇ.ഡി. അരുൺ കുമാറിന് എരുമേലിയുടെ താൽക്കാലിക ചുമതല നൽകി.
നവംബറിലാണ് പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ, പമ്പാ റേഞ്ച് എന്നിവിടങ്ങളിലെ ഒരു കൂട്ടം ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ ജയനെതിരെ മുണ്ടക്കയം ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് പരാതി നൽകിയത്.
വിഷയത്തിൽ കോട്ടയം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്ഷൻ അസി. ഫോറസ്റ്റ് കൺസർവേറ്റർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ച് റേഞ്ച് ഓഫിസറെ അടിയന്തരമായി സ്ഥലം മാറ്റണമെന്ന് വിജിലൻസ് വിഭാഗം അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ശിപാർശ ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായിട്ടാണ് നടപടി.
പരാതിക്കാരിൽ മൂന്നു പേർ മാത്രമാണ് പേര് വെളിപ്പെടുത്തിയത്. വ്യക്തിപരമായ താൽപര്യത്തോടെ ഡ്യൂട്ടി നിശ്ചയിക്കുന്നു, എതിർപ്പ് പ്രകടിപ്പിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു, ജീവനക്കാരികളെ അവഹേളിക്കുന്നു തുടങ്ങിയ കാര്യങ്ങൾ പരാതിയിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.