അവശ്യസേവന മേഖലകളിലെ സമരം നിരോധിക്കാൻ സർക്കാറിന് അധികാരമുണ്ടെന്ന് ഹൈകോടതി
text_fieldsകൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഇൗ മാസം 17 മുതൽ പ്രഖ്യാപിച്ചിട്ടുള്ള അനിശ്ചിതകാല പണിമുടക്ക് ഹൈകോടതി തടഞ്ഞു. സമരം ജനങ്ങളുടെ ജീവനെ ബാധിക്കുമെന്നും തടയണമെന്നുമാവശ്യപ്പെട്ട് അസോസിയേഷൻ ഒാഫ് ഹെൽത്ത്കെയർ െപ്രാവൈഡേഴ്സ് സംസ്ഥാന പ്രസിഡൻറ് ഡോ. ഹരീഷ് പിള്ള നൽകിയ ഹരജിയിലാണ് ഉത്തരവ്. ഹരജി തീർപ്പാകുന്നതുവരെ എതിർകക്ഷികളായ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളുമടങ്ങുന്ന നഴ്സിങ് ജീവനക്കാർ സമരത്തിൽനിന്ന് വിട്ടു നിൽക്കണമെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. സർക്കാറിനും സമരം പ്രഖ്യാപിച്ച യൂനിയനുകൾക്കും കോടതി നോട്ടീസ് ഉത്തരവായി. ഹരജി വീണ്ടും 18ന് പരിഗണിക്കും.
സർക്കാർ നടത്തുന്ന ആശുപത്രി സേവന മേഖല ഉൾപ്പെെട മെഡിക്കൽ, പാരാമെഡിക്കൽ വിഭാഗങ്ങളടങ്ങുന്ന ആരോഗ്യ മേഖലയിൽ അവശ്യസേവന സംരക്ഷണ നിയമം(എസ്മ) നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുതാൽപര്യ സംരക്ഷണത്തിന് അനിവാര്യമെങ്കിൽ അവശ്യസേവന മേഖലകളിലെ സമരം നിരോധിക്കാൻ ആക്ടിലെ വകുപ്പ് മൂന്ന് ഉപ വകുപ്പ് ഒന്നുപ്രകാരം സർക്കാറിന് അധികാരമുണ്ട്.
സമരം ആക്ട് പ്രകാരം നിരോധിച്ചാൽ സമരവുമായി മുന്നോട്ടു പോകാനാവില്ലെന്ന് വകുപ്പ് നാലിൽ പറയുന്നുണ്ട്. അനിശ്ചിതകാല സമരവുമായി നഴ്സിങ് ജീവനക്കാർ മുന്നോട്ടുപോയാൽ ആശുപത്രികളിെല അടിയന്തര ചികിത്സ സംവിധാനങ്ങളടക്കം ആരോഗ്യമേഖല നിശ്ചലമാകുന്ന അവസ്ഥയിലെത്തും. അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ളവ ഉപേക്ഷിക്കുകയോ അനിശ്ചിതമായി നീട്ടിവെക്കുകയോ ചെയ്യേണ്ടി വരും. സമരം തടഞ്ഞില്ലെങ്കിൽ മനുഷ്യരുടെ ജീവനെത്തന്നെ നേരിട്ട് ബാധിക്കും എന്നതാണ് അവസ്ഥ. സമരം തടയാൻ സർക്കാർ നടപടികളെടുക്കാത്തപക്ഷം ജനങ്ങളെയും ജീവിതെത്തയും ബാധിക്കും. അതിനാൽ സമരം നിരോധിക്കലാണ് ഉചിതമെന്ന് വിലയിരുത്തിയ കോടതി തുടർന്ന് സമരം വിലക്കി ഉത്തരവിടുകയായിരുന്നു.സുപ്രീം കോടതി ഉത്തരവുപ്രകാരം നഴ്സുമാരുടെ സേവന വേതനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ശിപാർശക്ക് കേന്ദ്ര സർക്കാർ സമിതിയുണ്ടാക്കുകയും അതിെൻറ റിപ്പോർട്ട് കേന്ദ്രം സംസ്ഥാനത്തിന് കൈമാറുകയും ചെയ്തതായി സർക്കാറിനുവേണ്ടി സ്റ്റേറ്റ് അറ്റോണി ചൂണ്ടിക്കാട്ടി.
ആലോചിച്ച് നടപടിയെടുക്കും –മന്ത്രി
തിരുവനന്തപുരം: പണിമുടക്ക് ഉപേക്ഷിച്ച് നഴ്സുമാർ ജോലിയിൽ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. എസ്മ പ്രയോഗിക്കണമെന്ന ഹൈകോടതി നിർദേശത്തിൽ സർക്കാർ ആലോചിച്ച് നടപടിയെടുക്കും. സർക്കാറിന് ചെയ്യാനാവുന്ന ആദ്യഘട്ടം ചെയ്തുകഴിഞ്ഞു. സ്വകാര്യ മാനേജ്മെൻറുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സർക്കാറിന് പരിമിതികളുണ്ട്. തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട കാര്യമാണെങ്കിലും നഴ്സുമാരുടെ വിഷയമായതിനാൽ താനും ചർച്ചകളിൽ പങ്കാളിയായി. എങ്കിലും മികച്ച ശമ്പള പാക്കേജാണ് ഇപ്പോൾ മിനിമംവേജസ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. നഴ്സുമാർ അത് അംഗീകരിക്കണം. കൂടുതൽ അടുത്ത ഘട്ടത്തിൽ ആലോചിക്കാമെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
സമരം ശക്തമാക്കും–നഴ്സുമാർ
കണ്ണൂർ: നഴ്സുമാരെക്കൊണ്ട് ജയിൽ നിറഞ്ഞാലും ജയിലിനകത്തും സമരം തുടരുമെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ കണ്ണൂർ ജില്ല സെക്രട്ടറി ജിതേഷ് കാഞ്ഞിലേരി പറഞ്ഞു. സമരത്തെ എസ്മകൊണ്ട് പരാജയപ്പെടുത്താമെന്നത് വ്യാമോഹമാണ്. വരും ദിവസങ്ങളിൽ സമരം വ്യാപിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.